ദുബായ് എയർഷോയിൽ തേജസ് വിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച വൈമാനികന്റെ പേര് പുറത്തുവിട്ടു

ദുബായ്: ദുബായ് എയർഷോയിൽ തേജസ് വിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച വൈമാനികന്റെ പേര് പുറത്തുവിട്ടു. വിംഗ് കമാൻഡർ നമൻഷ് സ്യാൽ ആണ് വീരമൃത്യു വരിച്ചത്. ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ല സ്വദേശിയാണ് നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു തന്റെ എക്‌സിലെ കുറിപ്പിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. നമൻഷ് സ്യാലിന്റെ മരണം ഹൃദയഭേദകവും ഹൃദയഖേദമാണെന്ന് ഹിമാചൽ മുഖ്യമന്ത്രി കുറിച്ചു. രാജ്യത്തിന് ധീരനും കർമ്മനിരതനുമായ ഒരു പൈലറ്റിനെ നഷ്‌ടമായതായി അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു.

പ്രാദേശിക സമയം 2.10നാണ് ദുബായിലെ അൽ മക്തും വിമാനത്താവളത്തിൽ സംഭവമുണ്ടായത്. തേജസ് യുദ്ധവിമാനത്തിന്റെ പ്രകടനത്തിനിടെ താഴേക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇന്ത്യ നിർമ്മിച്ച വിവിധോദ്ദേശ യുദ്ധവിമാനമാണ് തേജസ്. എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി രൂപകൽപനചെയ്ത് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് തേജസ് നിർമ്മിച്ചത്. ലൈറ്റ് കോംബാക്ട് എയർക്രാഫ്റ്റായ ഈ വിമാനത്തിന് മുൻ പ്രധാനമന്ത്രി എ ബി വാജ്‌പേയിയാണ് തേജസ് എന്ന പേര് നൽകിയത്. അപകടത്തെ തുടർന്ന് ദുബായ് എയർഷോ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *