തലസ്ഥാന നഗരത്തിലെ സ്‌കൂൾ പരിസരത്ത് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്‌കൂൾ പരിസരത്ത് ബസുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. ചേങ്കോട്ടുകോണം ട്രിവാൻഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ ബസുകളാണ് കത്തിനശിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സ്കൂൾ അധികൃതർ ആരോപിക്കുന്നത്.

ബസുകൾ ആരെങ്കിലും തീയിട്ടതാണോയെന്നാണ് സംശയം. കാരണം സ്‌കൂൾ ഗ്രൗണ്ടിൽ മറ്റൊരിടത്ത് നിർത്തിയിട്ടിരുന്ന ട്രാവലർ സ്‌കൂൾ ബസുകളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു. ട്രാവലറിലെ താക്കോൽ അതിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. ഇത് അറിയാവുന്ന ആരെങ്കിലും മനഃപൂർവം ട്രാവൽ കൊണ്ട് ഇടിച്ചുകയറ്റി തീയിട്ടതാണോയെന്ന് സംശയമുണ്ട്. തീപിടിത്തം ഉണ്ടായ ഭാഗത്ത് സിസിടിവിയില്ല.സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ലായിരുന്നുവെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

ഷോർട്ട് സർക്യൂട്ട് കാരണം തീപിടിച്ച ട്രാവലർ തനിയെ മുന്നോട്ട് നീങ്ങിവന്ന് ബസിൽ ഇടിച്ചതാണോയെന്നും സംശയമുണ്ട്.ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് ബസുകൾ കത്തിനശിച്ചത്. സ്‌കൂൾ ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് ബസുകളും ഒരു ട്രാവലറുമാണ് പൂർണമായും അഗ്നിക്കിരയായത്. ഒരു ബസ് ഭാഗികമായി കത്തി നശിച്ചിട്ടുണ്ട്. അപകട സമയത്ത് സ്‌കൂളിൽ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. തൊട്ടടുത്തുള്ള താമസക്കാരാണ് ആദ്യം തീപടരുന്നത് കണ്ടത്. ഉടൻ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ചാക്ക, കഴക്കൂട്ടം സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങളെത്തിയാണ് തീയണച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *