എന്റെ പ്രസംഗം വളച്ചൊടിച്ചു, ഞാന്‍ മുസ്ലീം വിരോധിയല്ല’; മലപ്പുറം ആരുടേയും സാമ്രാജ്യമല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

0

മലപ്പുറത്തിനെതിരെ നടത്തിയ വിദ്വേഷപരാമര്‍ശത്തില്‍ നിലപാട് മാറ്റാതെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിക്കുകയാണെന്നും തന്നെ വര്‍ഗീയവാദിയാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

മലപ്പുറത്ത് നടത്തിയ ചില പരാമര്‍ശങ്ങള്‍ മാത്രം അടര്‍ത്തി എടുത്ത് വലിയ മുസ്ലീം വിരുദ്ധനാണ് എന്ന് കാണിക്കുവാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നു. ഹിന്ദു മുസ്ലീം വിഭാഗങ്ങള്‍ സമാസമം ഉള്ള പ്രദേശമാണ് നിലമ്പൂര്‍. ഈഴവ സമുദായത്തിന് ജില്ലയില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇല്ല.താന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ഈ വിഷയം വളരെ വിഷമത്തോടെ നോക്കി കാണുന്നു. യുഡിഎഫിന്റെ പുറകെ നടന്നിട്ട് ഒരു വിദ്യാഭ്യാസ സ്ഥാപനവും അവര്‍ അനുവദിച്ച് തന്നില്ല. ലീഗിന്റെ നേതാക്കന്മാര്‍ ആണ് അവിടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമകള്‍.

ജില്ലയിലെ പ്രമുഖ മുസ്ലീം നേതാക്കന്മാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യാളുന്നു. 17 എയ്ഡഡ് കോളേജുകള്‍ അവിടെ ഇവര്‍ക്കുണ്ട്. പെരിന്തമണ്ണയിലെ എയ്ഡഡ് കോളേജ് അണ്‍എയ്ഡഡ് കോളേജ് ആക്കി പോലും തന്നില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താനൊരു മുസ്ലീം വിരോധി അല്ല. അങ്ങനെ ചിത്രീകരിക്കാന്‍ ആണ് ചില മുസ്ലീം നേതാക്കള്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.എസ്എൻഡിപി യൂണിയൻ നിലമ്പൂർ താലൂക്ക് കൺവൻഷൻ ഉദ്ഘാടനംചെയ്യുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം. “നിങ്ങൾ ഒരു പ്രത്യേക രാജ്യത്തിനിടയിൽ ഭയന്നുജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് നിങ്ങൾക്ക് ജീവിക്കാനാകുമെന്ന് തോന്നുന്നില്ല. സ്വതന്ത്രമായി അഭിപ്രായം പറയാന്‍പോലുമാകില്ല. സ്വാതന്ത്ര്യം കിട്ടി ഇത്രനാളായിട്ടും അതിന്റെ ഗുണഫലങ്ങള്‍ ഈ പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടുണ്ടോ. പിന്നാക്ക വിഭാഗക്കാർക്ക് കോളേജോ ഹയർ സെക്കൻഡറി സ്കൂളോ ഉണ്ടോ. –വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here