‘ചേട്ടന് പട്ടാളക്കാരൻ ആകാനായിരുന്നു ആഗ്രഹം, മിഥുന്റെ ഓർമകൾ പങ്കുവച്ച് അനിയൻ സുജിൻ

കൊല്ലം: സ്‌കൂളിൽ നിന്ന് ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസുകാരൻ മിഥുന്റെ ഓർമകൾ പങ്കുവച്ച് അനിയൻ സുജിൻ. ‘വൈകിട്ട് എനിക്ക് എന്തെങ്കിലും കഴിക്കാൻ വച്ചേക്കണം എന്നുപറഞ്ഞാണ് ചേട്ടൻ സ്‌കൂളിലേക്ക് പോയത്. ഞാൻ ഇംഗ്ലീഷ് പഠിക്കാനിരുന്നപ്പോഴാണ് അപ്പൂപ്പനും അമ്മൂമ്മയും ഓട്ടോയിലെത്തി സ്‌കൂളിൽ നിന്ന് എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ചേട്ടന് ഒരു പട്ടാളക്കാരൻ ആകാനായിരുന്നു ആഗ്രഹം’ – സുജിൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ സഹപാഠിയുടെ ചെരുപ്പ് തകര ഷെഡിന് മുകളിൽ വീണു. ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴുതി ത്രീ ഫേസ് ലോ ടെൻഷൻ വൈദുതി ലൈനിലേക്ക് വീഴുകയായിരുന്നു.

സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. ഉടൻതന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ് മിഥുൻ. സുജ വിദേശത്താണ്. ഇന്നലെ വീഡിയോ കോളിലൂടെ ബന്ധുക്കൾ മരണ വിവരം അറിയിച്ചിരുന്നു. സുജ നാളെ നാട്ടിലെത്തും. അതിനുശേഷമായിരിക്കും മിഥുന്റെ മൃതദേഹം സംസ്‌കരിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *