കൊല്ലം : സംസ്ഥാനത്ത് വർഗീയത പിടിമുറുക്കുന്നുവെന്ന് സിപിഎം. മുസ്ലിം ലീഗ് മത രാഷ്ട്രവാദികളുമായി സഖ്യം ചേരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. ന്യൂനപക്ഷ രാഷ്ട്രീയം പ്രത്യേക തലത്തിലേക്ക് നീങ്ങുകയാണെന്നും ഇതിന്റെ ഗുണഭോക്താക്കൾ കോൺഗ്രസുകാരാണെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ക്രിസ്ത്യൻ സമുദായങ്ങളിൽ തീവ്രവാദം ഉയർത്തി കാസയും വർഗീയത കളിക്കുകയാണെന്നും സംസ്ഥാന സമ്മേളനത്തിലെ ചര്‍ച്ചകള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കവേ എംവി ഗോവിന്ദൻ വിമർശിച്ചു
നേരത്തെ ആർഎസ്എസ് യൂഡിഎഫിന് വോട്ട് കൊടുത്തിരുന്നു. ഇപ്പോൾ യുഡിഎഫ് ബിജെപിക്ക് വോട്ട് കൊടുക്കുന്നു. ഇതാണ് തൃശൂരിൽ കണ്ടത്. സുരേഷ് ഗോപിയുടെ തൃശൂരിലെ വിജയം കോൺഗ്രസ് സംഭാവനയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ലെന്നതിന്റെ തെളിവാണ് ചേലക്കര തിരഞ്ഞെടുപ്പ് വിജയം. സംഘടനയിൽ ഉയർന്നു വരുന്ന ദൗർബല്യങ്ങളും സംസ്ഥാന സമ്മേളനം ചർച്ച ചെയ്തു. സ്ത്രീ സൗഹൃദ കേരളം സിപിഎം ഉത്തരവാദിത്തമാണ്. യുഡിഎഫ് സ്വീകരിക്കുന്നത് കേരള വിരുദ്ധ നിലപാടാണ്. കേരളത്തെ വികസിത അർദ്ധ വികസിത ജീവിത നിലവാരത്തിലേക്ക് ഉയർത്താനാണ് നയ രേഖ. സ്വകാര്യ നിക്ഷേപം ആകർഷിക്കൽ പുതിയ നയമാറ്റം അല്ല.18-ാം പാർട്ടി കോൺഗ്രസിൽ തന്നെ തീരുമാനിച്ചതാണ്. മുകേഷ് എംഎൽഎ എവിടെയാണെന്ന് നിങ്ങൾ അന്വേഷിച്ചാൽ മതിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
മറുപടിയുമായി കുഞ്ഞാലിക്കുട്ടി
എംവി ഗോവിന്ദന്റെ ലീഗ് വർഗീയ കക്ഷി സഖ്യ പരാമർശത്തിന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ലീഗ് ഒരു വർഗീയ കക്ഷിയുമായും കൂട്ടുകൂടിയിട്ടില്ലെന്നും സിപിഎം ചർച്ച ചെയ്യുന്നത് അവരുടെ അജണ്ടയാണെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പാർട്ടി സമ്മേളനത്തിൽ പലതും ചർച്ച ചെയ്യും. അവരുടെ ചർച്ചയ്ക്ക് അഭിപ്രായം പറയേണ്ട കാര്യം ഇല്ല. യുഡിഎഫ് ഭദ്രമായി കെട്ടുറപ്പോടുകൂടി അച്ചടക്കത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു പോകുകയാണ്. പത്ത് വർഷം ഭരിച്ചിട്ട് ഇടതുപക്ഷത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യ രാജ്യത്ത് സിപിഎം ഇല്ല. ദേശീയതലത്തിൽ കോൺഗ്രസ് മാത്രമാണ് ബദലെന്നും അദ്ദേഹം പറഞ്ഞു.
ആരുടെയും പിന്തുണ വാങ്ങി അധികാരത്തിൽ എത്താനാണ് സിപിഎം ശ്രമം: കെസി
മൂന്നാം പിണറായി സർക്കാർ വരില്ലെന്നതിൻ്റെ തെളിവാണ് ലീഗിൻ്റെ പിന്നാലെ സിപിഎം പോകുന്നതെന്ന് കെ.സി വേണുഗോപാൽ. ആരുടെയും പിന്തുണ വാങ്ങി അധികാരത്തിൽ എത്താനാണ് സിപിഎം ശ്രമം.ബിജെപിയെ വിമർശിക്കാൻ ഭയക്കുന്നതുകൊണ്ടാണ് കോൺഗ്രസ് അവരെ വളർത്തുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നത്. ബംഗാളിൽ ബിജെപിയെ വളർത്തിയതാരെന്ന് സി പി എം വ്യക്തമാക്കണമെന്നും കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു.