കൊലപാതകം പുതിയ കാമുകിയുടെ വിവരം അറിഞ്ഞതോടെ; കുരുക്ക് മുറുകി പിടഞ്ഞുമരിക്കുമ്പോഴും പീഡിപ്പിച്ചു

കോഴിക്കോട്: യുവതിയെ ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയ ശേഷവും വൈശാഖൻ മൂന്ന് തവണ പീഡിപ്പിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒന്നിച്ച് ആത്മഹത്യചെയ്യാമെന്ന് വിശ്വസിപ്പിച്ച് കഴുത്തിൽ കുരുക്കിട്ട ശേഷം സ്‌റ്റൂൾ തട്ടിമാറ്റിയാണ് ഇയാൾ യുവതിയെ കൊലപ്പെടുത്തിയത്. വർക്ക്‌ഷോപ്പിൽ വന്നില്ലെങ്കിൽ യുവതിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വൈശാഖൻ പൊലീസിനോട് പറഞ്ഞു. യുവതിയെ വശീകരിക്കാനായി ഇയാൾ ആഭിചാരക്രിയകൾ നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.
വർക്ക് ഷോപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ വൈശാഖൻ കൊല നടത്തുന്നതും പീഡിപ്പിക്കുന്നതും പതിഞ്ഞിട്ടുണ്ട്. മൂന്ന് മണിക്കൂറിലേറെ വരുന്ന ദൃശ്യങ്ങളിൽ കൊലപാതകത്തിനായി ഇയാൾ നടത്തിയ ആസൂത്രണവുമുണ്ട്. യുവതി പിടഞ്ഞുമരിക്കുമ്പോഴും പ്രതി പീഡനം നടത്തി. കെട്ടഴിച്ച് താഴെ കിടത്തിയ ശേഷം രണ്ട് തവണ പീഡിപ്പിച്ചു.
വൈശാഖന്റെ പുതിയ കാമുകിയുടെ വിവരം യുവതി അറിഞ്ഞതോടെയാണ് കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. അകലം പാലിച്ച യുവതിയെ വശീകരിക്കാനായി തൃശൂരിലും ആലപ്പുഴയിലും ആഭിചാരക്രിയകളും നടത്തി. ഇതിനു ശേഷവും പെൺകുട്ടി അകൽച്ച തുടർന്നതോടെയാണ് നഗ്നചിത്രങ്ങളുടെ പേര് പറഞ്ഞ് വർക്ക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖനായിരിക്കുമെന്ന് ഡയറി എഴുതി മൂന്ന് മണിക്കൂറിനകമാണ് യുവതി കൊല്ലപ്പെട്ടത്.



