എമ്പുരാനെതിരെ പ്രതികാര നടപടി ഇല്ലെന്ന് ചേംബര്‍; പോസ്റ്റ് പിന്‍വലിച്ച് ആന്‍റണി

0

സിനിമാ തര്‍ക്കം അവസാനിക്കുന്നു

മലയാള സിനിമാ സംഘടനകള്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കം അവസാനിക്കുന്നു. ഫിലിം ചേംബര്‍ പ്രസിഡണ്ട്‌ ബി ആര്‍ ജേക്കബ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരുമായി സംസാരിച്ചു. ഇതിന് പിന്നാലെ നിര്‍മ്മാതാവ് ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ആന്‍റണി പെരുമ്പാവൂര്‍ പിന്‍വലിച്ചു. മാര്‍ച്ച് മാസത്തില്‍ ഫിലിം ചേംബര്‍ ഒരു പണിമുടക്കിനും തീരുമാനിച്ചിട്ടില്ലെന്നും തിയറ്റർ ഉടമകൾ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ എന്നും ചേംബര്‍ പ്രസിഡന്‍റ് പറഞ്ഞു.

സിനിമാ സമരത്തിന്‍റെ കാര്യം പ്രഖ്യാപിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെ വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടാന്‍ ഉണ്ടായ സാഹചര്യം ആന്‍റണി പെരുമ്പാവൂര്‍ ബി ആര്‍ ജേക്കബിനോട് വിശദീകരിച്ചിരുന്നു. എമ്പുരാന്റെ ബജറ്റിനെ കുറിച്ചുള്ള പരാമർശം ആണ് തന്നെ വേദനിപ്പിച്ചതെന്ന് ആന്റണി അറിയിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ചതിന് ശേഷമായിരുന്നു തന്‍റെ പോസ്റ്റ് എന്നും ആന്‍റണി പറഞ്ഞിരുന്നു. എമ്പുരാന്‍ ബജറ്റിനെക്കുറിച്ചുള്ള പരാമര്‍ശം സുരേഷ് കുമാര്‍ തിരുത്തിയത് ചൂണ്ടിക്കാട്ടിയ ചേംബര്‍ പ്രസിഡന്‍റിനോട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കാനുള്ള സന്നദ്ധതയും ആന്‍റണി അറിയിക്കുകയായിരുന്നു. തർക്കം ഉടൻ തീരുമെന്നാണ് ചേംബര്‍ പ്രസിഡന്റ് ബി ആർ ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. എമ്പുരാൻ സിനിമയോട് പ്രതികാര നടപടിക്ക് ഇല്ലെന്നും ചേംബര്‍ അറിയിച്ചിട്ടുണ്ട്. 

അതേസമയം ഒരാഴ്ചക്കകം എല്ലാം പരിഹരിക്കുമെന്നാണ് ഫിയോക്ക് അറിയിച്ചിരിക്കുന്നത്. വിഷയം സർക്കാരുമായി ചർച്ച ചെയ്യാന്‍ എല്ലാ സംഘടനകളും ഒരുമിച്ച് സമീപിക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here