‘രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരിൽ അധികവും സ്ത്രീകൾ’; ന്യായീകരണവുമായി പിവി അബ്ദുൽ വഹാവ് എംപി

മലപ്പുറം: ബലാത്സംഗ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കൂടുതൽ പിന്തുണയ്ക്കുന്നത് സ്ത്രീകളാണെന്ന വിവാദ പ്രസ്താവനയുമായി ലീഗ് നേതാവ് പിവി അബ്ദുൽ വഹാവ് എംപി. രാഹുലിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് സർക്കാരിനായിരിക്കും തിരിച്ചടി നൽകുകയെന്നും അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളാേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ ഇര ഒരാളല്ലല്ലോ?. ആകാശത്തുനിന്നാണ് പരാതികൾ വരുന്നത്. സർക്കാർ അതിനെ പിന്തുണയ്ക്കുകയാണ്. രാഹുലിനെ പിന്തുണയ്ക്കുന്നവരിൽ അധികവും സ്ത്രീകളാണ്. തിരഞ്ഞെടുപ്പുകാലത്ത് ഇത്തരം കാര്യങ്ങൾ ഉയർന്നുവരുന്നതിന്റെ ഉദ്ദേശം സ്ത്രീകൾക്കടക്കം ബോധ്യമുണ്ട്’- അദ്ദേഹം പറഞ്ഞു.അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗപരാതിയുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ വാക്‌പോര് തുടങ്ങി.

പരാതി വെൽ ഡ്രാഫ്​റ്റഡാണെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ പരാമർശം തള്ളി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്തെത്തി. പരാതി വെൽ ഡ്രാഫ്​റ്റഡായാണ് നൽകേണ്ടതെന്നും അതിൽ എന്താണ് തെ​റ്റെന്നും സതീശൻ ചോദിച്ചു. താൻ അഭിഭാഷകനായിരുന്ന കാലത്തും പൊതുപ്രവർത്തകനായപ്പോഴും നിരവധി പരാതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞു.

പരാതിക്കാരി ഒരു അഭിഭാഷകന്റെ സഹായം തേടി പരാതി നൽകിയതിൽ എന്താണ് തെ​റ്റെന്നും അദ്ദേഹം ചോദിച്ചു.രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗപരാതിയിൽ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി മുൻകൂർജാമ്യം നൽകിയത്. ഇതോടെയാണ് സണ്ണി ജോസഫ് രാഹുലിനെ പിന്തുണയ്ക്കുന്ന തരത്തിൽ പ്രതികരിച്ചത്.

രാഹുലിനെതിരായ പരാതി വെൽ ഡ്രാഫ്റ്റഡാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതുതന്നെയാണ് ഇന്ന് വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴും സണ്ണി ജോസഫ് ആവർത്തിച്ചത്. രാഷ്ട്രീയപ്രേരിതമായാണ് പരാതി നൽകിയതെന്നും സണ്ണി ജോസഫ് പറഞ്ഞു.രാഹുലിനെതിരായ പരാതിക്ക് പിന്നിൽ ഒരു ലീഗൽ ബ്രെയിനുണ്ടെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫ് പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *