നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രത്തിന്റെ കൂടൂതല്‍ വിവരങ്ങള്‍ പുറത്ത്

എഡിഎം കെ. നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രത്തിന്റെ കൂടൂതല്‍ വിവരങ്ങള്‍ പുറത്ത്. മരിക്കുന്നതിന് മുമ്പ് നവീന്‍ ബാബു, പി പി ദിവ്യയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് സാക്ഷിമൊഴി. യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും, ക്വാര്‍ട്ടേഴ്‌സിന് സമീപത്ത് കണ്ടെന്നും പി പി ദിവ്യയുടെ ബന്ധു പ്രശാന്ത് ടി വി മൊഴി നല്‍കി. ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തില്‍ പരാമര്‍ശം ഇല്ല.
കളക്ടറുടെ മൊഴിയും പൂര്‍ണമായി നവീന്‍ ബാബുവിനെതിരെയാണ്. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. യാത്രയയപ്പ് ചടങ്ങിന് ശേഷം എഡിഎം ചേംബറില്‍ എത്തിയെന്നും പി പി ദിവ്യയുടെ ആരോപണത്തെ കുറിച്ച് എഡിഎമ്മിനോട് ചോദിച്ചുവെന്നുമാണ് കളക്ടര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഫയലില്‍ ഒരു പ്രശ്‌നം ഉണ്ടായിരുന്നു അതുകൊണ്ട് വൈകിയെന്ന മറുപടിയാണ് എഡിഎം നല്‍കിയത്.
അതല്ലാതെ എന്തെങ്കിലും പ്രശ്‌നം ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അര നിമിഷം തലതാഴ്ത്തി തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ ഈ വിവരങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നാണ് കളക്ടര്‍ മൊഴി നല്‍കിയിിരിക്കുന്നത്. യാത്രയയപ്പിന് ശേഷം പി പി ദിവ്യയും വിളിച്ചുവെന്നും ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്ന് ദിവ്യ പറഞ്ഞതായും കളക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പി പി ദിവ്യ മാത്രമാണ് കുറ്റക്കാരിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് പി പി ദിവ്യ നടത്തിയ പ്രസംഗം ആത്മഹത്യാ പ്രേരണയായി. ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് കളക്ട്രേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. ഫയലില്‍ അനാവശ്യ കാലതാമസം വന്നിട്ടില്ല.
കൈക്കൂലി നല്‍കിയതിന് നേരിട്ടുള്ള ഒരു തെളിവുമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പി പി ദിവ്യയാണ് ദൃശ്യം ചിത്രീകരിക്കാന്‍ പ്രാദേശിക ചാനലുകാരനെ ഏര്‍പ്പാടാക്കിയത്. പരിപാടിക്ക് മുന്‍പും ശേഷവും കളക്ടറെ ദിവ്യ വിളിച്ചിരുന്നു. എഡിഎം ആത്മഹത്യ ചെയ്തതിന് ശേഷവും ദിവ്യ കളക്ടറെ വിളിച്ചിരുന്നുവെന്നും മൊഴിയുണ്ട്.