അമ്മേ വീട്ടിലേക്ക് വാ, ഒരു സർപ്രൈസുണ്ട്; ഇരട്ടസഹോദരിയെ കൊന്നുതള്ളിയ ശേഷം അമ്മയെയും വധിക്കാൻ ശ്രമം

മൊറാദാബാദ്: ‘അമ്മേ വീട്ടിലേക്ക് വരൂ, ഒരു സർപ്രൈസുണ്ട്’ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റ് മാനേജരായ നീലിമയോട് മകൻ ഹാർദിക് ഓഫീസിലെത്തി പറഞ്ഞ വാക്കുകളാണിത്. മകൻ സ്‌നേഹത്തോടെ വിളിച്ചതാണെന്ന് കരുതി വീട്ടിലെത്തിയ നീലിമ കണ്ടത് രക്തത്തിൽ കുളിച്ചു കിടക്കുന്ന മകൾ ഹിമശിഖയെയാണ്. നടുക്കം മാറുന്നതിന് മുൻപേ ഹാർദിക് സ്വന്തം അമ്മയെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഉത്തർപ്രദേശിലെ മൊറാദാബാദിൽ കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം.

25കാരനായ ഹാർദിക്കും ഹിമശിഖയും ഇരട്ട സഹോദരങ്ങളാണ്. രണ്ടുപേരും എഞ്ചിനീയർമാരായി ഗുഡ്ഗാവിലാണ് ജോലി ചെയ്തിരുന്നത്. ഹിമാശിഖ ജോലിക്കൊപ്പം തന്നെ എം.ബി.എ പഠനവും മുന്നോട്ട് കൊണ്ടുപോയിരുന്നു. എന്നാൽ ഒന്നരവർഷം മുൻപ് ജോലി ഉപേക്ഷിച്ച ഹാർദിക്, സോഷ്യൽ മീഡിയയിലും മൊബൈലിലും അമിതമായി സമയം ചെലവഴിക്കുന്നയാളാണ്.

ഇത് വീട്ടിൽ നിരന്തരം തർക്കങ്ങൾക്ക് കാരണമായി.സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പൂനെ സ്വദേശനിയായ യുവതിയുമായി ഹാർദിക് പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാർ എതിർക്കുകയും കരിയറിൽ ശ്രദ്ധ നൽകാൻ ഉപദേശിക്കുകയും ചെയ്തിരുന്നു. മാർച്ച് ആറിന് വൈകുന്നേരം ഹാർദിക് ജോലിക്കുപോകാത്തതിനെ ചൊല്ലി സഹോദരങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. ഇതിനിടെ പ്രകോപിതനായ ഹാർദിക് അടുക്കളയിലെ കറി കത്തി ഉപയോഗിച്ച് ഹിമാശിഖയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം 84 തവണയാണ് ഹാർദിക് സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ചത്. മരണം ഉറപ്പാക്കിയ ശേഷമാണ് അമ്മയെ വിളിക്കാൻ ഹാർദിക് അവരുടെ ഓഫീസിലേക്ക് പോയത്.വീട്ടിലെത്തിയ നീലിമയെയും ഹാർദിക് വധിക്കാൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ നീലിമ നിലവിൽ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.

സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ തന്നെ പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലിൽ ഹാർദിക് കുറ്റം സമ്മതിച്ചു. കരിയറിനെക്കുറിച്ചും പ്രണയബന്ധത്തെക്കുറിച്ചും വീട്ടുകാർ നൽകിയ നിരന്തരമായ ഉപദേശങ്ങൾ തന്നിൽ കടുത്ത പക ഉണ്ടാക്കിയെന്നാണ് ഹാർദിക് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *