മോഹൻലാൽ തരുൺ മൂർത്തി ചിത്രം ‘തുടരും’ ഒടിടിയിൽ എത്തുന്നു;മേയ് 30 മുതൽ

കൊച്ചി:മലയാള സിനിമപ്രേമികളുടെ മനം കവർന്ന മോഹൻലാൽ–തരുൺ മൂർത്തി ചിത്രം ‘തുടരും’ ഒടിടിയിൽ എത്തുന്നു. മേയ് 30 മുതൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. മലയാളം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് തുടരും സ്ട്രീം ചെയ്യുന്നത്.
ഏപ്രില്‍ 25-നായിരുന്നു ചിത്രം റിലീസ് ചെയ്തത് . തീയേറ്ററില്‍ പ്രദര്‍ശനത്തിനെത്തി ഒരുമാസം പിന്നിട്ട ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. ബോക്സ്ഓഫീസ് റെക്കാഡുകൾ തകർത്ത സിനിമ ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്.
ചിത്രം ആറാം ദിവസം നൂറു കോടി ക്ലബ്ബിലെത്തിയിരുന്നു. പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നീ സിനിമകൾക്കുശേഷം നൂറു കോടി ക്ലബ്ബിലെത്തുന്ന നാലാമത്തെ മോഹൻലാൽ ചിത്രമാണ് ‘തുടരും’. കേരളത്തിലും വിദേശത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 69 കോടിയാണ് ചിത്രം ആഗോള കലക്‌ഷനായി നേടിയത്.

AlsoRead:മോഹൻലാൽ ചിത്രം കണ്ണപ്പയിലെ പ്രധാന രംഗങ്ങളടങ്ങിയ ഹാർഡ് ഡ്രൈവ് മോഷണം പോയി

ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. മോഹന്‍ലാലിന്‍റെ കരിയറിലെ 360-ാം ചിത്രമാണിത്. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്നത്. രജപുത്രയുടെ ബാനറിൽ എം. രഞ്ജിത്ത് ആണ് നിർമാണം. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.ആര്‍. സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ.ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ഇപ്പോഴും ട്രെൻഡ് ലിസ്റ്റിലുള്ള നിരവധി ഗാനങ്ങളുള്ള സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജേക്സ് ബിജോയും ഹരിനാരായണനുമാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *