‘മോഹൻലാൽ സ്വർണം നൽകാമെന്ന് പറഞ്ഞു, സ്വർണപ്പാളി ഒട്ടിച്ചത് ഞാൻ തന്നെ’

കൊല്ലം: ശബരിമലയിലെ കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് ഉയർന്ന അഭ്യൂഹങ്ങളിൽ വിശദീകരണം നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കൊടിമരത്തിലെ വാജിവാഹനത്തിൽ താൻ തന്നെയാണ് സ്വർണപ്പാളി ഒട്ടിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അഷ്ടദിക്പാലക ശില്പങ്ങളിൽ തന്റെ മകൻ ഗോകുൽ സുരേഷും സംവിധായകൻ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജി പണിക്കരും ചേർന്നാണ് സ്വർണം ഒട്ടിച്ചതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ശബരിമലയിലെ കൊടിമര പുനർനിർമാണത്തിന് സ്വർണം ഉൾപ്പെടെയുള്ള സംഭാവനകൾ നൽകിയവരുടെ വിവരങ്ങൾ വിജിലൻസ് കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു. സിനിമ-സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ 27 പേരുടെ വിവരങ്ങളാണ് വിജിലൻസ് തേടിയത്. ഇവരെ നേരിൽക്കണ്ട് മൊഴിയെടുക്കാനാണ് നീക്കം. ഇതിനുപിന്നാലെയാണ് സുരേഷ് ഗോപി പ്രതികരിച്ചത്.’എന്റെ വല്യമ്മാവൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെയർമാനായിരിക്കുന്ന കാലത്താണ് കൊടിമരം പുനഃസ്ഥാപിക്കണമെന്ന് ദേവപ്രശ്നത്തിൽ തെളിയുന്നത്.
300 മുതൽ 400 വർഷം നിലനിൽക്കാനുള്ള കൊടിമരമാണ് എന്നാണ് പറഞ്ഞിരുന്നത്. എന്റെ വിയർപ്പിന്റെ അംശം അതിലുണ്ടാകണെന്ന് ആഗ്രഹിച്ചു. വീട്ടിൽ നിന്നുള്ള സ്വർണം ജുവലറിയിൽ കൊടുത്താണ് 24 കാരറ്റ് സ്വർണമാക്കിയത്. മോഹൻലാൽ എന്നെ വിളിച്ച് സ്വർണം നൽകാമെന്ന് പറഞ്ഞു. ഇങ്ങനെ പലരും അതിൽ പങ്കാളികളായി. അജയ് തറയിൽ, പ്രയാർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള വലിയ ഭക്തർ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാണ് വാങ്ങിവച്ചത്. അതിന് രസീത് വാങ്ങാൻ നിന്നില്ല. ഭഗവാന് സമർപ്പിച്ചതാണ്.
പൊലീസ് അന്വേഷിക്കട്ടെ. ഞാൻ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ല. അവർ സൂക്ഷിച്ചിട്ടുണ്ടാവും’- സുരേഷ് ഗോപി പറഞ്ഞു.2017ൽ നടന്ന കൊടിമര പുനർനിർമാണവുമായി ബന്ധപ്പെട്ട് സ്വർണം സ്വീകരിച്ചതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായി നേരത്തെ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സുരേഷ് ഗോപി, ഗോകുൽ സുരേഷ്, സുധീർ കരമന, രഞ്ജി പണിക്കർ, സുരേഷ് കുമാർ തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ മുൻ അഡ്വക്കേറ്റ് കമ്മീഷണറായിരുന്ന എ എസ് പി കുറുപ്പ് സമർപ്പിച്ച പട്ടികയിൽ സുരേഷ് ഗോപിയുടെ പേര് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.



