മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്ന് പറഞ്ഞ് മോഹൻലാൽ. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നാണ് മോഹൻലാൽ പറഞ്ഞത്. എമ്പുരാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നെെയിൽ നടന്ന് പ്രസ്‌മീറ്റിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല അഭ്യൂഹങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് മോഹൻലാൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയത്.
അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാൻ ഒന്നുമില്ല’, – മോഹൻലാൽ വ്യക്തമാക്കി. അടുത്തിടെ മോഹൻലാൽ ശബരിമലയിൽ സന്ദർശനം നടത്തിയപ്പോൾ മമ്മൂട്ടിയുടെ പേരിൽ ഉഷ:പൂജ വഴിപാടും നടത്തിയിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലായിരുന്നു വഴിപാട്.മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ അഭിനയിക്കുന്ന മമ്മൂട്ടി ഷൂട്ടിംഗ് നിറുത്തിവച്ച് ചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലാണെന്ന് വാർത്തകളാണ് പുറത്തുവന്നത്.
തുടർചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുമെന്നും പ്രചാരണമുണ്ടായിരുന്നു. പ്രചാരണങ്ങൾ നിഷേധിച്ച് താരത്തിന്റെ പി,ആർ ടീമിന്റെ പേരിലുള്ള പ്രതികരണവും പുറത്തുവന്നിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും വന്നിട്ടില്ല. ഇതിനിടെ മമ്മൂട്ടിയുമായി അടുപ്പമുള്ളവരുടെ പ്രതികരണങ്ങളും വന്നിരുന്നു. കഴിഞ്ഞ ദിവസം നടൻ തമ്പി ആന്റണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പും ചർച്ചയായിരുന്നു. തുടക്കത്തിലെ അറിഞ്ഞതുകൊണ്ട്, കേട്ടിടത്തോളം ഒന്നു പേടിക്കാനില്ല എന്നുതന്നെയാണ് ഡോക്ടർമാരുടെ അഭിപ്രായം എന്നാണ് തമ്പി ആന്റണി പറഞ്ഞത്