കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിന് ശേഷം മറ്റൊരു അനാസ്ഥകൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്.

ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ അടിമുടി പിഴവ് സംഭവിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്. ആഴ്ചകൾ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികൾ മുറിച്ചത് അറിയാതിരുന്നത് പരിശോധനയുടെ കുറവാണ്. സെല്ലിനുള്ളിലേക്ക് കൂടുതൽ തുണികൾ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും ന്യായീകരിക്കാനാവില്ല.ജയിൽ ചാടിയ ദിവസം രാത്രി പരിശോധന രേഖകളിൽ ഒതുങ്ങി. രണ്ടുമണിക്കൂർ ഇടപെട്ട് സെൽ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. സെൽമുറിയിൽ കണ്ട ഡമ്മി ഗോവിന്ദച്ചാമി ആണെന്ന് തെറ്റിദ്ധരിച്ചത് പോലും വലിയ വീഴ്ചയാണെന്നും ഡിഐജി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

അതേസമയം, രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നാല് ജീവനക്കാരെ ഇതിനകം സസ്പെൻഡ് ചെയ്തിരുന്നു.എന്നാൽ ഇവരെ നിയന്ത്രിക്കേണ്ട അസിസ്റ്റൻറ് ജയിൽ സൂപ്രണ്ടിനടക്കം നടപടി വേണമെന്നും റിപ്പോർട്ടിലുണ്ട്. ഗോവിന്ദച്ചാമിക്ക് സഹായം ലഭിച്ചു എന്ന ആക്ഷേപത്തെ ഉത്തര മേഖല ജയിൽ ഡിഐജി വി.ജയകുമാർ പൂർണമായും തള്ളിയിരുന്നു. തടവുകാരുടെയോ ഉദ്യോഗസ്ഥരുടെയോ സഹായം ലഭിച്ചിട്ടില്ല. അതുകൊണ്ടാണ് സെല്ലിൽ നിന്ന് പുറത്തിറങ്ങിയശേഷം മൂന്നു മണിക്കൂറോളം ഗോവിന്ദച്ചാമിയ്ക്ക് ജയിൽ കോമ്പൗണ്ടിൽ കഴിയേണ്ടി വന്നത്. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയിൽ മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *