മലപ്പുറം താനൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥികളെ മുംബൈയിൽ നിന്നും കണ്ടെത്തി

കൊച്ചി: മലപ്പുറം താനൂരിൽ നിന്ന് കാണാതാവുകയും തിരച്ചിലിനൊടുവിൽ മുംബെെയിൽ നിന്ന് കണ്ടെത്തുകയും ചെയ്ത പ്ലസ് ടു വിദ്യാർത്ഥിനികളെ കെയർ ഹോമിലേക്ക് മാറ്റും. താനൂർ പൊലീസ് മുംബെെയില്‍ എത്തിയ ശേഷം പെൺകുട്ടികളെ കൈമാറും. താനൂർ സ്റ്റേഷനിലെ എസ്‌ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികളെ കൊണ്ടുവരുന്നതിനായി തിരിച്ചിട്ടുണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കുട്ടികളുമായി ഇവർ നാട്ടിലേക്ക് തിരിക്കും. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനിൽ മുംബെെയിലെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികളെ കണ്ടെത്തിയത്. കുട്ടികൾക്കായി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനികളെയാണ് കാണാതായത്. ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളെയാണ് കാണാതായത്. ഇതിന് പിന്നാലെ രണ്ട് കുട്ടികളുടെയും കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയതടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു. ജീൻസും ടീ ഷർട്ടുമായിരുന്നു വിദ്യാർത്ഥിനികളുടെ വേഷം. തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് രണ്ട് മണിയോടെ വിദ്യാർത്ഥിനികൾ കോഴിക്കോട് എത്തി. ഇതിന് പിന്നാലെ ഇവരുടെയും മൊബൈൽ ഫോൺ സ്വിച്ച് ഓഫായി.

മൊബൈൽ സ്വിച്ച് ഓഫ് ആകുന്നതിന് മുൻപായി ഇരുവരുടേയും ഫോണിൽ ഒരേ നമ്പറിൽ നിന്ന് കോൾ വന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. എടവണ്ണ സ്വദേശിയായ റഹീം അസ്‌ലത്തിന്റെ പേരിലുള്ള സിം കാർഡിൽ നിന്നായിരുന്നു കോളുകൾ വന്നിരിക്കുന്നത്. ഈ നമ്പറിന്റെ ടവർ ലൊക്കേഷൻ മഹാരാഷ്ട്രയിലാണ് കാണിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചു.

ഇതിനിടെ പെൺകുട്ടികൾ മുംബൈയിലെ സലൂണിൽ എത്തി മുടിവെട്ടിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹെയർ ട്രീറ്റ്‌മെന്റിനായി പതിനായിരം രൂപയാണ് പെൺകുട്ടികൾ സലൂണിൽ ചെലവഴിച്ചത്. ഇതിനിടെ പെൺകുട്ടികൾക്കൊപ്പം മുംബൈയിൽ എത്തിയ റഹീം അസ്‌ലം കേരളത്തിലേക്ക് മടങ്ങിയിരുന്നു. റഹീമിനോടും സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *