കാണാതായ 19കാരി വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ മരിച്ചനിലയിൽ

കൊച്ചി: രണ്ട് ദിവസം മുൻപ് കാണാതായ 19കാരിയെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. മലയാറ്റൂരിലാണ് സംഭവം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയ (19) ആണ് മരിച്ചത്.
ബംഗളൂരുവിൽ ഏവിയേഷൻ വിദ്യാർത്ഥിയാണ് ചിത്രപ്രിയ. കഴിഞ്ഞ ശനിയാഴ്ചമുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഇന്ന് അന്വേഷണം നടക്കവെ മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്കടുത്ത് സെബിയൂർ റോഡിനടുത്തെ ഒഴിഞ്ഞപറമ്പിലാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ തലയിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇത് കല്ലോ മറ്റ് ആയുധങ്ങളോ കൊണ്ടുണ്ടായ മുറിവാണെന്നാണ് പൊലീസ് നിഗമനം. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയടക്കം ചോദ്യംചെയ്യുന്നെന്ന് പൊലീസ് വ്യക്തമാക്കി.
പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി നാട്ടുകാർ അറിയിച്ചതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ഇതിന്റെ റിപ്പോർട്ട് ലഭിച്ചാലേ യഥാർത്ഥ മരണകാരണമറിയൂ. പെൺകുട്ടിയുടെ മൊബൈൽ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്.



