മോഹൻലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാനെതിരെ വിമ‍ശനം ശക്തമാവുന്നതിനിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: മോഹൻ ലാൽ-പൃഥ്വിരാജ് സിനിമ എമ്പുരാനെതിരെ വിമ‍ശനം ശക്തമാവുന്നതിനിടെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സിനിമയെ രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. എമ്പുരാൻ സിനിമ കണ്ടില്ല. സിനിമ ഒരു കലയാണ്, അത് ആസ്വദിക്കുക എന്നത് മാത്രമാണ്. മറ്റൊരു തരത്തിൽ വക്രീകരിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. എമ്പുരാനെതിരെ വിമർശനം ശക്തമാവുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം വന്നത്. 

എമ്പുരാനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം കണ്ടു. നമ്മുടെ രാഷ്ട്രീയ കാഴ്ച പ്പാടുകൾക്കെതിരായ സിനിമയെ വിമർശിക്കേണ്ടതില്ല. സിനിമയുടെ കഥ കഥാ കൃത്തും സംവിധായകനും പ്രൊഡ്യൂസറും നോക്കിക്കോളും. രാഷ്ട്രീയ ആയുധവും മതപരമായ ആയുധവും ആക്കേണ്ടതില്ല. കലയായി മാത്രം ആസ്വദിക്കുകയെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സിനിമയിൽ ലഹരി, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കരുത് എന്ന് നിർദേശം നൽകിയിട്ടുണ്ട്.

അത്തരം വിഷയങ്ങൾ സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണ്. അത് വിമർശിക്കാം. സിനിമ ചോർത്തുന്നത് ഇന്റസ്ട്രിയെ ബാധിക്കുന്ന കാര്യമാണ്. നിയമപരമായി എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കുന്നു. സിനിമ ചോർത്തി സിനിമയുടെ പ്രാധാന്യം കുറയ്ക്കാനും കാഴ്ചക്കാരെ കുറയ്ക്കാനും ശ്രമിക്കുന്നത് ശരിയല്ല. അത് ഒഴിവാക്കണം. നിയമ സാധ്യത സർക്കാർ ആലോചിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

അതേസമയം, വിമർശനങ്ങളെ വകവെക്കാതെ സിനിമ വിജയം കുറിച്ച് മുന്നേറുകയാണ്. ഒരു മലയാള സിനിമ നേടിയ വലിയ ഓപ്പണിംഗ് കളക്ഷൻ എമ്പുരാൻ സ്വന്തം പേരിലാക്കിയെന്നു പൃഥ്വിരാജും ഫേസ്‍ബുക്കില്‍ കുറിച്ചു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കും കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ നെറ്റ് കളക്ഷനാണ് ചിത്രത്തിന്റേതായി സിനിമാ അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

എമ്പുരാൻ ഓപ്പണിംഗില്‍ ഇന്ത്യയില്‍ 22 കോടി നെറ്റായി നേടി എന്നാണ് സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. എമ്പുരാന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങളുമുണ്ടായിരുന്നെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 60 കോടി രൂപയിലധികമാണ് പ്രീ സെയിലായി നേടിയിരിക്കുന്നത് എന്ന് നേരത്തെ മോഹൻലാല്‍ വ്യക്തമാക്കിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *