കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ വീണ ജോർജിന് പിന്തുണയുമായി മന്ത്രി ആർ ബിന്ദു

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ ആരോഗ്യമന്ത്രി വീണ ജോർജിന് പിന്തുണയുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വീണാ ജോർജ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്യുന്ന മന്ത്രിയാണെന്ന് പറഞ്ഞ മന്ത്രി വീണാ ജോർജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്നും കുറ്റപ്പെടുത്തി.
അപകടത്തിൽ മന്ത്രിമാർക്കെതിരായ വിമർശനം അപലപനീയമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും. എല്ലാ വിഷയങ്ങളിലും കൃത്യമായി ഇടപെടുന്ന സർക്കാരാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ അനാസ്ഥയാണ് ബിന്ദു മറിക്കാൻ കരണമായതെന്നായിരുന്നു ആരോപണം. മെഡിക്കൽ കോളേജിൽ അപകടം നടന്നതിന് പിന്നാലെ എത്തിയ മന്ത്രി അടച്ചിട്ടിരുന്ന കെട്ടിടമാണ് പൊളിഞ്ഞതെന്ന് അറിയിച്ചിരുന്നു.
അപകടം നടന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് സ്ഥലത്ത് രക്ഷ പ്രവർത്തനം തുടങ്ങുന്നത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ ആൾ ഉണ്ടോ എന്നുപോലും അടിയന്തരമായി പരിശോധിക്കാൻ ആയില്ല. അതേസമയം സംഭവത്തിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പ്രതിപക്ഷ പാർട്ടികൾ പ്രധിഷേധിക്കുന്നുണ്ട്. പലയിടങ്ങളിലും സംഘര്ഷങ്ങള് ഉണ്ടായി. ആരോഗ്യമന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്നാണ് ആവശ്യം.