നരേന്ദ്രമോദിയല്ല നരേന്ദ്ര ‘ഭീതി’ യാണ് ഇന്ത്യ ഭരിക്കുന്നതെന്ന്;മന്ത്രി പി.എ. മുഹമ്മദ് റിയാസ്

കണ്ണൂര്‍ : നരേന്ദ്രമോദിയല്ല നരേന്ദ്ര ‘ഭീതി’ യാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അന്യായമായി ജയിലിലടച്ച സംഭവത്തില്‍ സംസ്ഥാനമാകെ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്രിസ്ത്യന്‍ പുരോഹിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും നേരെയുമുള്ള ആക്രമണം ശക്തമാകുകയാണ്. രാജ്യം ഇന്നുവരെ കാണാത്ത ജനവിരുദ്ധ നയങ്ങളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും വലിയ പ്രശ്നമായി മാറി. പട്ടിണിയും ദാരിദ്ര്യവും പെരുകുകയാണ്. ഇതില്‍ നിന്നെല്ലാം ശ്രദ്ധതിരിക്കാന്‍ വേണ്ടി മറ്റു മതങ്ങളോടുള്ള വിരോധം കുത്തിവച്ച് വര്‍ഗീയത നടപ്പിലാക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്.

യഥാര്‍ഥത്തില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയല്ല. നരേന്ദ്ര ഭീതിയാണ്. അറസ്റ്റ് ചെയ്ത് നാലാംദിവസവും കന്യാസ്ത്രീകളെ സഭാ അധികൃതരുമായി ബന്ധപ്പെടാന്‍ പോലും പൊലീസ് അനുവദിച്ചില്ല. കേരളത്തിലെ ബിജെപിയുടെ ഗിമ്മിക്ക് വിലപ്പോകില്ല. കേരളത്തിലെ ബിജെപിക്ക് അടിസ്ഥാന ഗ്രന്ഥത്തിലെ ശത്രുക്കളെ മാറ്റാന്‍ കഴിയില്ല. കേക്ക് കൊടുത്ത് സന്ധിസംഭാഷണത്തിന് പോകുന്നവരുടെ അടിസ്ഥാനഗ്രന്ഥത്തില്‍ ആരൊക്കെയാണ് ശത്രുക്കള്‍ എന്ന് കൃത്യമായി എഴുതിയിട്ടുണ്ട്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *