ആറ്റിങ്ങലിൽ വൻ ഗ്യാസ് സിലിണ്ടർ വേട്ട; 500 ഓളം സിലിണ്ടറുകൾ പിടികൂടി

തിരുവനന്തപുരം ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ഞൂറോളം ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വകുപ്പ് പിടികൂടി. ആറ്റിങ്ങലിലെ വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ നിന്നാണ് നിയമവിരുദ്ധമായി ശേഖരിച്ചുവെച്ച സിലിണ്ടറുകൾ കണ്ടെത്തിയത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പിടികൂടിയവയിൽ ഭൂരിഭാഗവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വലിയ സിലിണ്ടറുകളാണ്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകൾ ഈ ഗോഡൗണിൽ സൂക്ഷിച്ചിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ഭാരത് പെട്രോളിയം എന്നീ കമ്പനികളുടെ സിലിണ്ടറുകളാണ് പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നത്.

പിടിച്ചെടുത്ത സിലിണ്ടറുകൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹനങ്ങളിലേക്ക് മാറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കലക്ടർക്ക് സമർപ്പിക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ അറിയിച്ചു. നിയമവിരുദ്ധമായി ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *