പാകിസ്താന്‍ ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തം. പാകിസ്താന്‍ ആര്‍മിയുടെ വിമാനത്തില്‍ തീപടര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് ഫയര്‍ എഞ്ചിന്‍ എത്തി തീയണയ്ക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റണ്‍വേ അടച്ചിട്ടു.
വിമാനത്താവളത്തിലെ തീപിടുത്തത്തിന്റെ വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടുന്നുണ്ട്. വിമാനത്താവളത്തിലാകെ പുക പടര്‍ന്നതായും ബാഗുകളേന്തി വിമാനത്താവളത്തിലെത്തിയ യാത്രക്കാര്‍ പുകയില്‍ നിന്ന് രക്ഷപ്പെടാന്‍ മുഖംമൂടാന്‍ ശ്രമിക്കുന്നതായും വിഡിയോയില്‍ കാണാം.
ലാന്‍ഡിംഗിനിടെ പാകിസ്ഥാന്‍ ആര്‍മി വിമാനത്തിന്റെ ടയറിന് തീപിടിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇതാദ്യമായല്ല അല്ലാമ ഇഖ്ബാല്‍ എയര്‍പോര്‍ട്ടില്‍ തീപിടുത്തമുണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 9ന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം വിമാനത്താവളത്തില്‍ വലിയ തീപിടുത്തമുണ്ടായിരുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ കുറവും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.