തലസ്ഥാന നഗരത്തിൽ വൻ തീപിടിത്തം, മൂന്നുനില കെട്ടിടം കത്തിനശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ആര്യശാല കണ്ണേറ്റുമുക്കിന് സമീപം തീപിടിത്തം. യൂണിവേഴ്‌സൽ ഫാർമയെന്ന സ്ഥാപനം പ്രവർത്തിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് തീപിടിച്ചത്. രാത്രി 8.15ഓടെയായിരുന്നു സംഭവം. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തീ നിയന്ത്രണവിധേയമാക്കി.
സമീപത്തുള്ള നാട്ടുകാരാണ് തീ ആദ്യം കണ്ടത്. പെട്ടെന്ന് തീ മുകളിലത്തെ നിലയിലേക്ക് പടരുകയും പൊട്ടിത്തെറികള്‍ ഉണ്ടായെന്നുമാണ് നാട്ടുകാർ പറയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. കെട്ടിടത്തിന് സമീപമുള്ള വീട്ടുകാരെ ഒഴിപ്പിച്ചു. വീടുകളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകളും ഉടനടി മാറ്റി.



