തൃശൂർ റെയിൽവെ പാർക്കിംഗിൽ വൻ അഗ്നിബാധ; ബൈക്കുകൾ കത്തിനശിച്ചു

തൃശൂർ: തൃശൂർ റെയിൽവെ സ്‌റ്റേഷൻ പാർക്കിംഗിൽ വൻ അഗ്നിബാധ. അറുന്നൂറോളം ബൈക്കുകൾ കത്തിനശിച്ചെന്നാണ് വിവരം. റെയിൽവെ പാളത്തോട് ചേർന്ന ഭാഗത്താണ് തീ പടർന്നത്. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്. സമീപത്ത് ഉണ്ടായിരുന്ന മരത്തിലും തീ പടർന്നിട്ടുണ്ട്.
രാവിലെ ആറരയോടെയാണ് പാർക്കിംഗ് കേന്ദ്രത്തിൽ നിന്ന് പുക ഉയർന്നത്. റെയിൽവേ ലൈനിന് മുകളിൽ നിന്ന് ഷീറ്റിട്ട് മൂടിയ ബൈക്കുകൾക്ക് മുകളിലേക്ക് തീ വീണതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു. ആദ്യം രണ്ട് ബൈക്കുകൾക്കാണ് തീപിടിച്ചത്. നിമിഷങ്ങൾക്കകം തീ പടരുകയും ബൈക്കുകളുടെ ടാങ്ക് പൊട്ടിത്തെറിച്ച് അപകടത്തിന്റെ വ്യാപ്തി വർദ്ധിക്കുകയുമായിരുന്നു.
അപകടം നടക്കുമ്പോൾ പാർക്കിംഗിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മല്ലിക എന്ന ജീവനക്കാരി സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ: ‘റെയിൽവേ ലൈനിന്റെ മുകളിൽ നിന്ന് ബൈക്കിന് മുകളിലേക്ക് തീ വീഴുകയായിരുന്നു. ഞാൻ വെള്ളമൊഴിച്ച് അണയ്ക്കാൻ ശ്രമിച്ചെങ്കിലും പുക ഉയർന്ന് തീ ആളിപ്പടർന്നു. സഹായത്തിനായി ആളുകളെ വിളിച്ചപ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടിത്തെറിച്ചു. ഞായറാഴ്ച ആയതുകൊണ്ടാണ് പാർക്കിങ്ങിൽ തിരക്ക് കുറഞ്ഞത്, അല്ലെങ്കിൽ ആയിരത്തോളം വണ്ടികൾ ഉണ്ടാകുമായിരുന്നു.’



