തലസ്ഥാനത്തെ നടുക്കി കൂട്ടക്കൊലപാതകം; മൂന്നു ഇടങ്ങളിലായി യുവാവ് അഞ്ചു പേരെ വെട്ടിക്കൊന്നു, പ്രതി കീഴടങ്ങി

0

തിരുവനന്തപുരം: പെൺസുഹൃത്തടക്കം അഞ്ച് പേരെ കൊലപ്പെടുത്തിയ യുവാവിൻ്റെ ക്രൂരതയിൽ നടുങ്ങി കേരളം. തിരുവനന്തപുരം പേരുമലയിലും ആർഎൽ പുരത്തും പാങ്ങോടുമായി മൂന്ന് വീടുകളിലെ ആറ് പേരെയാണ് അഫാൻ എന്ന 23 കാരൻ വെട്ടിക്കൊന്നത്. ഇതിൽ പ്രതിയുടെ ഉമ്മയൊഴികെ ഉറ്റബന്ധുക്കളായ മറ്റ് അഞ്ച് പേരും കൊല്ലപ്പെട്ടതായാണ് വിവരം. പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങി. വിദേശത്ത് ബിസിനസ് തകർന്നത് മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിനോട് പറ‌ഞ്ഞത്. വിഷം കഴിച്ചെന്ന് പറഞ്ഞ പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഹോദരൻ 13 വയസുകാരനായ അഹസാൻ, ഉമ്മ ഷമീന, പെൺസുഹൃത്ത് ഫർഷാന, വാപ്പയുടെ ഉമ്മ സൽമാ ബീവി, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ ആക്രമിച്ചത്. ഇവരിൽ ഷമീന ഒഴികെ മറ്റെല്ലാവരും മരിച്ചതായാണ് വിവരം. മൂന്ന് വീടുകളിലായാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി വെഞ്ഞാറമൂട് സ്റ്റേഷനിൽ കീഴടങ്ങിയാണ് ക്രൂരകൃത്യം വെളിപ്പെടുത്തിയത്.

പിതാവിൻറെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. ഉമ്മ ഷമീന കാൻസർ രോഗത്തിന് ചികിത്സയിലാണ്. വെഞ്ഞാറമൂട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട അനുജൻ അഹസാൻ. റിട്ടയേർഡ് സി ആർ പി എഫ് ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ലത്തീഫ്. അമ്മ ഒഴികെ മറ്റുള്ളവരുടെയെല്ലാം മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ കൊലപാതക പരമ്പരയാണിതെന്നാണ് പൊലീസ് പറയുന്നത്.

വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്. നാട്ടിലടക്കം പലരും നിന്നായി വൻ തുക കടം വാങ്ങിയിട്ടുണ്ടെന്ന് പ്രതി പൊലീസിന് മൊഴി നൽകി. കടബാധ്യത കാരണം ജീവിക്കാൻ കഴിയില്ലെന്ന്  തോന്നിയപ്പോഴാണ് എല്ലാവരെയും കൊന്ന് ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും താൻ മരിച്ചാൽ കാമുകി തനിച്ചാകുമെന്ന് കരുതിയാണ് കാമുകിയെ വീട്ടിൽ നിന്ന് വിളിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്ന് വെട്ടി കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here