കൊല്ലം സി.പി.ഐയിൽ കൂട്ടരാജി

ജില്ലാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെ കൊല്ലത്തെ സി.പി.ഐയിൽ കൂട്ടരാജി. കുണ്ടറ മണ്ഡലം കമ്മിറ്റിക്ക് കീഴിലുളള 60 നേതാക്കളും പ്രവർത്തകരുമാണ് പാർട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് രാജി വെച്ചത്.കുണ്ടറ മണ്ഡലം സമ്മേളനത്തിലെ തർക്കത്തിൽ ഏകപക്ഷീയമായെടുത്ത നടപടി പിൻവലിക്കാത്തിൽ പ്രതിഷേധിച്ചാണ് രാജി.
നേതാക്കളും പ്രവർത്തകരും തിരുവനന്തപുരത്ത് പാർട്ടി ആസ്ഥാനത്ത് എത്തിയാണ് രാജികത്ത് കൈമാറിയത്. 22 അംഗ കുണ്ടറ മണ്ഡലം കമ്മിറ്റിയിലെ 11 അംഗങ്ങളും മണ്ഡലം കമ്മിറ്റിക്ക് കീഴിലുളള 6 ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരിൽ 3 പേരും 24 ലോക്കൽ കമ്മിറ്റി അംഗങ്ങളും 56 ബ്രാഞ്ച് സെക്രട്ടറിമാരിൽ 22 പേരുമാണ് രാജി വെച്ചത്.പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണ് രാജിവെച്ചത്.
കുണ്ടറ മണ്ഡലം സമ്മേളനത്തിലെ സെക്രട്ടറി തിരഞ്ഞെടുപ്പിൽ ശക്തമായ ഭിന്നത ഉണ്ടായിരുന്നു. ജില്ലാ നേതൃത്വം നിർദ്ദേശിച്ച സെക്രട്ടറിയെ അംഗീകരിക്കാൻ ഭൂരിപക്ഷവും തയാറായിരുന്നില്ല. പ്രതിഷേധത്തിന് നേതൃത്വം കൊടുത്ത ജില്ലാ കൌൺസിൽ അംഗം എ.ഗ്രേഷ്യസ് അടക്കം 3 പേരെ ജില്ലാ നേതൃത്വം സസ്പെൻറ് ചെയ്തിരുന്നു.സമ്മേളന കാലത്ത് നടപടി പാടില്ലെന്ന ചട്ടം ലംഘിച്ചുളള സസ്പെൻഷൻ പിൻവലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർദ്ദേശിച്ചെങ്കിലും ജില്ലാ നേതൃത്വം അവഗണിച്ചു.നടപടി നേരിട്ട നേതാക്കൾക്ക് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനാകാതെ വന്നതോടെയാണ് കൂട്ടരാജി സംഭവിച്ചത്. ജില്ലാ സമ്മേളനത്തിൻെറ പ്രതിനിധി സമ്മേളനം നാളെ തുടങ്ങാനിരിക്കെയുണ്ടായ പൊട്ടിത്തെറി സി.പിഐക്ക് നാണക്കേടായിരിക്കുകയാണ്.