വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി

വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. മണ്ഡലം പ്രസിഡന്റുമാർക്കും നിയോജകമണ്ഡലം പ്രസിഡന്റുമാർക്കും സസ്പെൻഷൻ. സംഘടനാ രംഗത്ത് നിർജീവം എന്ന് ആരോപിച്ചാണ് നടപടി. രണ്ട് മണ്ഡലം പ്രസിഡണ്ടുമാരെയും 14 നിയോജകമണ്ഡലം ഭാരവാഹികളെയും സസ്പെൻഡ് ചെയ്തു.
അഞ്ചുകുന്നു മണ്ഡലം പ്രസിഡന്റായിട്ടുള്ള സുഹൈബ് പികെ തൃശ്ശിലേരി മണ്ഡലം പ്രസിഡന്റായിട്ടുള്ള ഹുസൈൻ ബാവലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഉപ ഭാരവാഹികളായ മുഹമ്മദ് ഉനൈസ്, നിജിൻ ജെയിംസ്, അനീഷ് തലപ്പുഴ, അജ്മൽ, അജൽ ജെയിംസ്, ജോഫ്രി വിൻസെന്റ്, അഖിൽ ജോസ്, ആൽവിൻ, റാഫി, രാജേഷ്, റോബിൻ ഇലവുങ്കൽ, ജിതിൻ എബ്രഹാം, രോഹിണി, രാഹുൽ ഒലിപ്പാറ എന്നിവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സജീവമല്ലാത്ത ഭാരവാഹികളെ നടപടിയെടുക്കുന്നു എന്നുള്ളത് കാണിച്ചാണ് ഇപ്പോൾ വാർത്താ കുറിപ്പ് പുറത്തുവന്നിട്ടുള്ളത്.
മാനന്തവാടി നിയോജക മണ്ഡലം ഭാരവാഹികളും സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. ചൂരൽമല മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു വാക്കേറ്റം. പുനരധിവാസ ഫണ്ട് കൈമാറുന്നതുമായി ബന്ധപ്പെട്ടടക്കം നേരത്തെ അഭിപ്രായ ഭിന്നതയും തർക്കങ്ങളും ഉണ്ടായിരുന്നു. അതിനൊക്കെ പിന്നാലെയാണ് വയനാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടിയിലേക്ക് കടന്നിരിക്കുന്നത്.