മാർച്ച് 15: ആമചാടി തേവൻ ഓർമ്മദിനം

0

വൈക്കം സത്യഗ്രഹ സമരത്തിന്റെ ഭാഗമായി പുറപ്പെട്ട ആദ്യ ജാഥയിൽ ടി കെ മാധവനൊപ്പം കൊടിപിടിച്ചു മുന്നിൽ നിന്നു നയിച്ച കറുപ്പിന്റെ കരുത്തായിരുന്നു ആമചാടിയിൽ തേവൻ.ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ പെട്ട വേമ്പനാട്ടു കായലിലെ പെരുമ്പളം ദ്വീപാണ്‌ ആമചാടി തേവന്റെ ജന്മസ്ഥലം. പിന്നീട് ആമചാടി തുരുത്തിലേക്ക് താമസം മാറിയതാണ്.വൈക്കം സത്യാഗ്രഹത്തിനു മുൻപേ തന്നെ താഴ്ന്നജാതിക്കാരെ സംഘടിപ്പിച്ച് സവര്‍ണ മേധാവിത്വത്തിനെതിരേ പ്രതികരിച്ചിരുന്നയാളാണ് ആമചാടി തേവൻ എന്നറിയപ്പെട്ടിരുന്ന കണ്ണൻ തേവൻ. അദ്ദേഹം താഴ്ന്ന ജാതിക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്ന പൂത്തോട്ട ക്ഷേത്രത്തിൽ ടികെ മാധവനൊപ്പം ബലമായി കയറി ദർശനം നടത്തിയിരുന്നു, ഈ സമരത്തെ പൂത്തോട്ട കേസ് എന്നറിയപ്പെടുന്നു. ഈ സമരമായിരുന്നു വൈക്കം സത്യാഗ്രഹത്തിന്‍റെ തുടക്കം എന്നു പറയാം. ഇതിന്‍റെ പേരിൽ അറസ്റ്റിലായ തേവൻ ജയിൽ മോചിതനായപ്പോൾ നേരേ വൈക്കം സത്യാഗ്രഹപ്പന്തലിലേക്കാണ് പോയത്.

പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രത്തില്‍ പ്രതിഷ്‌ഠക്കുശേഷം ഒരിക്കല്‍ ശ്രീനാരായണഗുരു വീണ്ടും ഇവിടെ എത്തുകയുണ്ടായി. അന്ന്‌, ഗുരുവിനെ കാണാൻ എത്തിയെങ്കിലും വളരെ ദൂരെ മാറി നിന്ന തേവനെ തന്റെ അടുത്തേയ്ക്ക് വിളിച്ചുവരുത്തി ചേർത്തുനിർത്തി നീ തേവനല്ല ‘ദേവനാണ് ‘എന്ന് പറഞ്ഞ് അനുഗ്രഹിച്ചു. ഗുരുവിന്റെ ഉപദേശങ്ങള്‍ അദ്ദേഹത്തിന്‌ വഴിമാറി ചിന്തിക്കാനുള്ള കരുത്തായി നിലകൊണ്ടു.

ഒരു ദിവസം പൂത്തോട്ട ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദീപാരാധനക്ക്‌ കൈകൂപ്പിനിന്ന അമ്പലവാസികള്‍ക്കിടയിലൂടെ തേവന്റെ കൈപിടിച്ച്‌ ടി കെ മാധവന്‍ ശ്രീകോവിലിന്റെ മുന്നിലേക്ക്‌ നടന്നു കയറി. നേരിയ ഇരുളിന്റെ മറവില്‍ പെട്ടെന്ന്‌ ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഒരു നിമിഷം, എല്ലാം കലങ്ങി മറിഞ്ഞു. അശുദ്ധം, അശുദ്ധം എന്നു പറഞ്ഞുകൊണ്ട്‌ അവിടെയുണ്ടായിരുന്നവര്‍ നാലുപാടും ഒഴിഞ്ഞു മാറി. ആരേയും കൂസാതെ ക്ഷേത്രത്തില്‍ കയറിയ ഇവരെ എതിര്‍ക്കാന്‍ അവിടെയുണ്ടായിരുന്നവര്‍ക്ക്‌ കരുത്തുണ്ടായിരുന്നില്ല. അവർ രണ്ട് അവർണ്ണരിൽ നിന്നും ദൈവത്തെ രക്ഷിക്കാൻ ശ്രീകൃഷ്ണ വിഗ്രഹവും ഇളക്കിയെടുത്ത് ഓടി. ഒരു പക്ഷെ, അതുവരെ തീരുമാനത്തിലെത്താത്ത വൈക്കം പോരാട്ടത്തിൻറെ “ട്രയല്‍ റണ്‍” ആയിരുന്നു അവിടെ നടന്നത് എന്നാണ് വിലയിരുത്തുന്നത്.

അതിനർത്ഥം അവിടെ റിലേ നിരാഹാരമല്ല ആദ്യം ഉദ്ദേശിച്ചിരുന്നത് എന്ന് വ്യക്തം. തീണ്ടൽ പലക എടുത്തുകളഞ്ഞിട്ട് വിലക്കപ്പെട്ട വഴിയിലൂടെ നടക്കാൻ പുലയരും ഈഴവരും വൈക്കത്ത് സംഘടിച്ചതുമാണ്. പിന്നീട് ചില ജാതിവാലന്മാരയ ഇപ്പോൾ കൊണ്ടാടപ്പെടുന്ന വൈക്കം സത്യാഗ്രഹ നേതാക്കളാണ് അതിനെ രണ്ടുവർഷം നീണ്ടുനിന്ന റിലേ സത്യാഗ്രഹമാക്കി മാറ്റിയതും, അവസാനം പ്രധാനവഴിയിലൂടെ അല്ലാതെ ക്രിസ്ത്യാനികളും മുസ്ലിങ്ങളും നടക്കുന്ന വഴിയിലൂടെ നടക്കാം എന്ന ഔദാര്യത്തിൽ സമരം അവസാനിപ്പിച്ചതും.

പൂത്തോട്ട ക്ഷേത്രത്തിൽ അതിക്രമിച്ചു കയറിയ വിഷയത്തിൽ സവര്‍ണര്‍ അടങ്ങിയിരുന്നില്ല. ടി കെ മാധവനും തേവനും അറസ്റ്റ്‌ ചെയ്യപ്പെട്ടു. രണ്ടരവര്‍ഷത്തോളം രണ്ടുപേരും കോട്ടയം ജയിലില്‍ ശിക്ഷിതരായി കഴിഞ്ഞു. നീചാചാരങ്ങളുടെ നടവരമ്പില്‍ യാത്ര മുറിക്കപ്പെട്ടെത്തിയ സവര്‍ണാധിപത്യ ത്തിന്റെ നെറുകയില്‍ അഗ്നിയായി കത്തിപ്പടരാനുള്ള ആവേശവുമായാണ്‌ അവര്‍ ജയില്‍ വിമോചിതരായത്‌. അങ്ങനെ വൈക്കം സമരഭടന്മാര്‍ക്കൊപ്പം തേവന്‍ ചേര്‍ന്നു.

1924 മാര്‍ച്ച്‌ 30 ന്‌ ആരംഭിച്ച വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം മുതല്‍ തന്നെ തേവന്‍ സജീവമായി പങ്കെടുത്തു.ഒരുദിവസം സത്യാഗ്രഹ പന്തലില്‍ നിന്നും വൈകിട്ട്‌ മടങ്ങിയ ആമചാടി തേവന്റേയും രാമനിളയതിന്റേയും കണ്ണിലേക്ക്‌ ഇണ്ടംതുരുത്തി നമ്പൂതിരിയുടെ ഗുണ്ടകള്‍ ചുണ്ണാമ്പും കമ്മട്ടിപ്പാലും ചേര്‍ന്ന മിശ്രിതം കൊലഞ്ഞിലില്‍ മുക്കി ചിതറിച്ചൊഴിച്ചു.

വൈക്കം സത്യാഗ്രഹ സമര നേതാക്കള്‍ക്കൊപ്പം അറസ്റ്റ്‌ ചെയ്യപ്പെട്ട തേവനേയും കോട്ടയം സബ്‌ജയിലിലേക്ക്‌ കൊണ്ടുപോയി. ജയിലിലെ ക്രൂരമര്‍ദ്ദനവും കാഴ്‌ച മങ്ങലും കൂടിയായപ്പോള്‍ തേവന്‍ ആരോഗ്യപരമായി തളര്‍ന്നു. ഇക്കാലമത്രയും തേവന്റെ ഭാര്യയും കുട്ടികളും വൈക്കം ആശ്രമത്തിലാണ്‌ താമസിച്ചത്‌. ജയിലില്‍ നിന്നും തിരിച്ചെത്തിയ തേവന്‌ ആമചാടി തുരുത്തില്‍ കാണാനായത്‌, തന്റെ കൊച്ചു കുടിലിന്റെ തറ മാത്രമായിരുന്നു. ഓലയും തൂണും വാരിയുമൊക്കെ ഏതോ മേലാളക്കഴുകന്മാര്‍ കൊത്തിവലിച്ച്‌ കായലില്‍ താഴ്‌ത്തിക്കളഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here