ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന് സ്വയം പരിചയപ്പെടുത്തി വൻ തുക തട്ടിയെടുത്തയാൾ അറസ്റ്റിൽ

തൃശൂർ: ചാർട്ടേഡ് അക്കൗണ്ടന്റാണെന്ന് സ്വയം പരിചയപ്പെടുത്തി വൻ തുക തട്ടിയെടുത്തയാൾ അറസ്റ്റിൽ. ഗുരുവായൂരിൽ പടിഞ്ഞാറെ നടയിലെ സത്യാ ഇൻ എന്ന ലോഡ്ജിന്റെ ഉടമയായ സ്ത്രീയെ ജിഎസ്ടി കണക്കുകൾ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 13,65,000 രൂപയാണ് പ്രതി തട്ടിയെടുത്തത്. കേസിലെ പ്രതിയായ നീലകണ്ഠൻ മൂസതിനെ (56) ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞവർഷമാണ് തട്ടിപ്പ് നടന്നത്. പ്രതിക്കായി ഗുരുവായൂർ ടെമ്പിൾ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഫോണിലെ സ്വിമ്മുകൾ പലതവണ മാറ്റിയതിനാൽ പിടികൂടാൻ സാധിച്ചില്ല. പല സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. തൃശൂർ സിറ്റി ജില്ലാ പൊലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നിർദേശപ്രകാരം പ്രത്യേക സ്ക്വാഡ് രൂപീകരിച്ചായിരുന്നു അന്വേഷണം നടന്നത്.പ്രതിയുടെ ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂർ ഭാഗത്തുണ്ടെന്ന് കണ്ടെത്തി.
തുടർന്ന് ചെന്നൈ, പേരാനല്ലൂർ, കോയമ്പത്തൂർ, കോയമ്പേട്, ട്രിച്ചി തുടങ്ങിയ മേഖലകളിൽ പ്രതിക്കായി തെരച്ചിൽ നടത്തി. പിന്നീട് കോയമ്പത്തൂർ സിങ്കനെല്ലൂർ കണ്ണൻ നഗറിൽ നിന്നാണ് നീലകണ്ഠനെ പിടികൂടിയത്.ബികോം ബിരുദധാരിയായ പ്രതി ചാർട്ടേഡ് അക്കൗണ്ടന്റെന്ന വ്യാജേന ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് താമസിച്ചാണ് തട്ടിപ്പുകൾ നടത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ സമാന രീതിയിലുള്ള വിവിധ കേസുകൾ മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായും പൊലീസ് അറിയിച്ചു.



