മലയാളത്തിന്‍റെ അമ്മ വിളക്ക്’ കവിയൂര്‍ പൊന്നമ്മ; ഓര്‍മ്മകൾക്ക് ഇന്ന് ഒരാണ്ട്

തിരുവനന്തപുരം: കവിയൂര്‍ പൊന്നമ്മയുടെ ഓര്‍മ്മകൾക്ക് ഇന്ന് ഒരാണ്ട് തികയുകയാണ്. മലയാളികൾക്ക് പകരക്കാരില്ലാത്ത അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. 1959 ൽ നാടകവേദികളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ അവര്‍ 1962 ൽ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെ വെള്ളിത്തിര അരങ്ങേറ്റം കുറിക്കുകയായിരുന്നു. കുടുംബിനി എന്ന ചിത്രത്തിൽ രണ്ട് മക്കളുള്ള അമ്മയുടെ വേഷത്തിൽ പൊന്നമ്മ അഭിനയിക്കുമ്പോൾ അവർക്ക് പ്രായം വെറും 19 വയസ് മാത്രമാണ്. ചെറുപ്രായത്തിൽ സത്യൻ മാഷിന്റേയും പ്രംനസീറിന്റെയും മധുവിന്റേയും അമ്മ വേഷം ചെയ്ത് തുടങ്ങിയ പൊന്നമ്മ മലയാളികളുടെ മുഴുവന്‍ അമ്മയായി എന്നതാണ് യാഥാര്‍ത്ഥ്യം.
ആയിരം തിരിയിട്ട് തെളിഞ്ഞൊരു അമ്മ വിളക്ക് പോലെ മലയാള സിനിമയുടെ പൂമുഖത്ത് നിറഞ്ഞ് നില്‍ക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ബാല്യത്തിൽ എം എസ് സുബ്ബലക്ഷ്മിയാകാൻ കൊതിച്ച പൊന്നമ്മ, പിന്നീട് സിനിമയിൽ അമ്മ വേഷങ്ങളുടെ പര്യായമായി മാറി. സുബ്ബലക്ഷ്മി എന്ന വലിയ മോഹം സഫലമാക്കാൻ ആ അമ്മയുടെ ആ വലിയ പൊട്ട് കടം കൊണ്ട കലാകാരി.
ആറ് പതിറ്റാണ്ടിനിടെ എണ്ണൂറിലേറെ ചിത്രങ്ങളാണ് പൊന്നമ്മ എന്ന അതുല്യ കലാകാരി ആരാധകര്‍ക്ക് സമ്മാനിച്ചത്. മോഹൻലാലിന്റെ അമ്മയായി എത്തിയത് അൻപതോളം ചിത്രങ്ങളിലാണ്. പൊന്നമ്മയും മോഹൻലാലും ഭഗവാൻ കൃഷ്ണനും ഒരുമിച്ചപ്പോഴെല്ലാം മലയാളി അത് ഹൃദയത്തിലേറ്റുവാങ്ങിയിരുന്നു. വലിയ പൊട്ടുകുത്തിയ, പട്ട് ചുറ്റിയ, പാട്ടുപാടിയ, അമ്മ എന്ന വാക്കിന് വെള്ളിത്തിരയിൽ രൂപമായിരുന്നു അവര്‍. സിനിമ കണ്ട മലയാളിയുടെ മനസിൽ അവർക്ക് രണ്ട് അമ്മയുണ്ട്. ഒന്ന് പെറ്റമ്മയും മറ്റൊന്ന് പൊന്നമ്മയും.