തിരുവനന്തപുരത്ത് ടിവിഎസ് ഷോറൂമിൽ വൻ തീപിടിത്തം

തിരുവനന്തപുരം: പിഎംജിയിലെ ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമില്‍ വൻ തീപ്പിടിത്തം. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ മുകളിലത്തെ നിലയുടെ പിന്‍ഭാഗത്ത് നിന്ന് വലിയ പൊട്ടിത്തെറി ഉണ്ടാകുകയും പിന്നാലെ തീ പടരുകയുമായിരുന്നുവെന്നാണ് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. പത്ത് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോറൂമിന്റെ പല ഭാഗങ്ങളും പൂര്‍ണമായും കത്തിയ നിലയിലാണ്. വില്‍പ്പനയ്‌ക്കുള്ള വാഹനങ്ങളും സര്‍വീസിനായി എത്തിച്ച വാഹനങ്ങളും സ്‌പെയര്‍പാര്‍ട്‌സും അടക്കമുള്ളവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്താണ് തീ പടർന്നത്. ഷോറൂമിന്റെ മുകളിലത്തെ നിലയിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം കത്തിനശിച്ചു. തീപിടിത്തത്തിന് പിന്നാലെ സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റ് താഴത്തെ നിലയിലുണ്ടായിരുന്ന അമ്പതോളം വാഹനങ്ങള്‍ തൊട്ടടുത്ത പള്ളിയുടെ സ്ഥലത്തേക്ക് മാറ്റി.

ഷോറൂമിന്റെ ചില്ല് തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്ത് കയറിയത്. ഷോറൂമിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു. ഷോറൂമിന്റെ മുകള്‍നിലയില്‍ ഇന്ധനം സൂക്ഷിച്ചിരുന്നതാണ് പൊട്ടിത്തെറിയുണ്ടാകാന്‍ കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *