ചെന്നൈ: ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ട്രിപ്പ് പോകാൻ പ്ലാൻ ചെയ്യുന്നുണ്ടോ? എന്നാൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും ഒരു ദിവസം പ്രവേശിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് പരിധി നിശ്ചയിച്ച് മദ്രാസ് ഹൈക്കോടതി. ഈ വർഷം ഏപ്രിൽ മുതൽ ജൂൺവരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാവുക.
ഊട്ടിയിലേക്ക് വാരാന്ത്യങ്ങളിൽ ദിവസം 8000 വണ്ടികളും മറ്റ് ദിവസങ്ങളിൽ 6000 വണ്ടികളും മാത്രമേ കടത്തിവിടാൻ പാടുള്ളൂ. കൊടൈക്കൈനാലിൽ ഇത് യഥാക്രമം 6000 വണ്ടികൾക്കും 4000 വണ്ടികൾക്കുമാണ് അനുമതി. ജസ്റ്റിസുമാരായ എൻ സതീശ് കുമാർ ഭാരത ചക്രവർത്തി എന്നിവരടങ്ങിയ സ്പെഷ്യൽ ബെഞ്ചിൻ്റെതാണ് ഉത്തരവ്.സര്‍ക്കാര്‍ ബസുകളോ തീവണ്ടികളോ പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും തദ്ദേശവാസികളുടെ വാഹനങ്ങളിലെത്തുന്നവര്‍ക്കും നിയന്ത്രണം ബാധകമാവില്ല. കാര്‍ഷികോത്പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും യാതൊരു നിയന്ത്രണവും ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഏപ്രില്‍ 1 മുതല്‍ ജൂണ്‍ വരെ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് കോടതി പറഞ്ഞു.മലയോര മേഖലകളില്‍ പ്രവേശിക്കുന്നതിന് ഇ-പാസുകള്‍ നല്‍കുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കോടതി അധികാരികളോട് നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നീലഗിരി കുന്നുകളിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും ഇ-പാസ് എടുക്കണമെന്ന് കോടതി നിര്‍ബന്ധമാക്കിയിരുന്നു. നീലഗിരിയില്‍ പ്രതിദിനം 20,000 വാഹനങ്ങള്‍ പ്രവേശിക്കുന്നുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇതോടെയാണ് കോടതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.