സിപിഎമ്മിനെ ഇനി എംഎ ബേബി നയിക്കും; 85 അംഗ കേന്ദ്ര കമ്മിറ്റിയുടെ അംഗീകാരം; 18 അംഗ പിബിയിൽ 8 പുതുമുഖങ്ങൾ

0

മധുര: സി.പി.എമ്മിന്‍റെ പുതിയ ജനറൽ സെക്രട്ടറിയായി എം.എ. ബേബിയെ തെരഞ്ഞെടുത്തു. ഇ.എം.എസ് നമ്പൂതിരിപ്പാടിന് ശേഷം ഈ പദവിയിലെത്തുന്ന മലയാളിയാണ് എം.എ ബേബി. 2012ലെ കോഴിക്കോട് പാർട്ടി കോൺഗ്രസിലാണ് ബേബി പി.ബി അംഗമായത്. പാലക്കാട് വേരുകളുള്ള പ്രകാശ് കാരാട്ടും സി.പി.എം ജനറൽ സെക്രട്ടറി പദവി അലങ്കരിച്ചിട്ടുണ്ട്.

85 അംഗ കേന്ദ്ര കമ്മിറ്റിക്ക് സി.പി.എം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് അംഗീകാരം നൽകി. കേന്ദ്ര കമ്മിറ്റിൽ ഒരു ഒഴിവുണ്ട്. കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ 20 ശതമാനം സ്ത്രീകളാണ്. കൂടാതെ, പുതിയ കേന്ദ്ര കമ്മിറ്റി 18 അംഗ പൊളിറ്റ് ബ്യൂറോയെ തെരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റിയിൽ 30 പേർ പുതുമുഖങ്ങളാണ്. ഏഴു പേർ പ്രത്യേക ക്ഷണിതാക്കൾ. ആറംഗ സെൻട്രൽ കൺട്രോൾ കമീഷനെയും തെരഞ്ഞെടുത്തു. പിണറായി വിജയൻ, ബി.വി. രാഘവലു, എം.എ. ബേബി, തപൻ സെൻ, നിലോത്പാൽ ബസു, മുഹമ്മദ് സലിം, എ. വിജയരാഘവൻ, അശോക് ദാവ് ലെ, രാമചന്ദ്ര ദോം, എം.വി. ഗോവിന്ദൻ, അംറ റാം, വിജു കൃഷ്ണൻ, മറിയം ദാവ് ലെ, യു. വാസുകി, കെ. ബാലകൃഷ്ണൻ,   ജിതേന്ദ്ര ചൗധരി, ശ്രിദീപ് ഭട്ടാചാര്യ, അരുൺ കുമാർ എന്നിവരാണ് പി.ബി. അംഗങ്ങൾ. ഇവരിൽ എട്ടു പേർ പുതുമുഖങ്ങളാണ്.

അതിനിടെ, 85 അംഗ കേന്ദ്ര കമ്മിറ്റിയിലേക്ക് മഹാരാഷ്ട്ര സി.ഐ.ടി.യു സംസ്ഥാന അധ്യക്ഷൻ കൂടിയായ ഡി.എൽ. കരാഡ് മത്സരിച്ചു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കേന്ദ്ര കമ്മിറ്റി പട്ടികയിൽ എതിർപ്പ് ഉയർത്തി മത്സരിച്ച കരാഡിന് 31 വോട്ട് ലഭിച്ചു. പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക് നീങ്ങവേ അസാധാരണ സാഹചര്യം സൃഷ്ടിച്ചാണ് കരാഡ് നേതൃത്വത്തെയും പ്രതിനിധികളെയും ഒന്നാകെ ഞെട്ടിച്ചത് പ്രകാശ് കാരാട്ടിന്റെയും കേരള ഘടകത്തിന്റെ പൂർണ പിന്തുണയും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എം.എ. ബേബിക്ക് ലഭിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള എം.എ ബേബിയുടെ പേരിനെ എതിര്‍ത്തിരുന്ന ബംഗാള്‍ ഘടകം ഒടുവിൽ, പിന്മാറുകയായിരുന്നു. ഏറെക്കാലമായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവാണ് എം.എ. ബേബി. പാര്‍ലമെന്ററി പരിചയവും സംഘടനാ തലത്തിലെ മികവും ബേബിക്ക് അനുകൂലമായി. തമിഴ്നാട്, കര്‍ണാടക, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കള്‍ ബേബിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ച് നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here