കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയം ഒരുക്കി ലുലു ഗ്രൂപ്പ്

ഉദ്ഘാടനം ജൂൺ 28ന്

കൊച്ചി: കേരളത്തിലെ ഏറ്റവും ഉയരമുള്ള വാണിജ്യ സമുച്ചയം ഒരുക്കി ലുലു ഗ്രൂപ്പ് കൊച്ചിയിൽ മറ്റൊരു വിസ്മയം തീർക്കുകയാണ്. കൊച്ചി കാക്കാനാട് സ്മാർട് സിറ്റിയിൽ തല ഉയർത്തി നിൽക്കുന്ന ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജൂൺ 28ന് നടക്കും. 12.74 ഏക്കറില്‍ 35 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായി ഒരുങ്ങിയ ഇരട്ട ടവറിൽ പഞ്ചനക്ഷത്ര ഹോട്ടലുകളെ വെല്ലുന്ന സൗകര്യകളാണ് ഒരുക്കിയിരിക്കുന്നത്.

152 മീറ്റര്‍ ഉയരമുള്ള ഇരട്ടടവറുകളില്‍ 25,000-30,000 ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും. 25 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് സ്‌പേസിനായി ഒരുക്കിയിരിക്കുന്നത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അരലക്ഷം ഐ.ടി പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാവുന്ന ലെവലിലേക്ക് ലുലു ഐ.ടി പാര്‍ക്കിനെ ഉയര്‍ത്തുകയാണ് ലുലു ഗ്രൂപ്പിന്റെ ലക്ഷ്യം. നിലവില്‍ ലുലുവിന്റെ രണ്ട് ഐ.ടി പാര്‍ക്കിലുമായി 14,000 ഐ.ടി പ്രൊഫഷണലുകള്‍ ജോലിചെയ്യുന്നുണ്ട്. ഇതിനു പുറമെയാണ് ഇരട്ട ടവറുകളില്‍ ഒരുങ്ങുന്ന തൊഴിലവസരം.

രണ്ടു ടവറുകളുടെയും മധ്യത്തിലുള്ള അമിനിറ്റി ബ്ലോക്കിൽ വൈവിധ്യമാർന്ന ഓഫീസ് സജ്ജീകരണങ്ങള്‍ക്കൊപ്പം തന്നെ 600 പേർക്ക് ഇരിക്കാവുന്ന നൂതന സൗകര്യങ്ങളോട് കൂടിയ കോൺഫറൻസ് ഹാളുമുണ്ട്. അമിനിറ്റി ടവറിന്റെ ഒന്നാംനിലയിൽ ഒരേസമയം 2500 പേർക്ക്‌ ഇരിക്കാവുന്ന വിശാലമായ ഫുഡ്‌കോർട്ടാണ് പ്രധാനമായും ഉള്ളത്. മൂന്ന് നിലകളിലായി വിശാലമായ പാർക്കിംഗ് സൗകര്യവും ഒന്നിലധികം എൻട്രികളും എക്സിറ്റുകളും ഉണ്ട്. 67 അതിവേഗ ലിഫ്റ്റുകള്‍, 12 എസ്‌കലേറ്ററുകള്‍ എന്നിവയും ഈ ഇരട്ട ടവറുകളിലുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണമായും ഓട്ടോമേറ്റഡ് റോബോട്ടിക് പാർക്കിങ് സംവിധാനമാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. ആകെ 4500 കാറുകള്‍ക്ക് പാർക്കിങ് ചെയ്യാന്‍ സാധിക്കും. 3200 കാറുകൾക്ക് റോബോട്ടിക്‌ സംവിധാനം ഉപയോഗിച്ച്‌ പാർക്ക്‌ ചെയ്യാനുള്ള സൗകരമ്യമാണുള്ളത്. ഗ്രൗണ്ട്‌ ഫ്ലോറിൽ ബാങ്കിങ് സംവിധാനമായിരിക്കും പ്രധാനമായും പ്രവർത്തിക്കുക. 1500 കോടി രൂപയോളമാണ് പദ്ധതിക്കായി ലുലു മുടക്കിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ഐക്കോണിക് ആയ ഐ.ടി ടവര്‍ കൊച്ചിയില്‍ തുറക്കുക എന്ന ലുലുവിന്റെ സ്വപ്നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *