അനുഷ്‍ക ചിത്രങ്ങളെയും പിന്നിലാക്കി ‘ലോക’; തെന്നിന്ത്യയിലെ ആ അപൂര്‍വ്വ റെക്കോര്‍ഡ് ഇനി കല്യാണിക്ക്

നായികാപ്രാധാന്യമുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമകളില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ്. അങ്ങനെ എത്തുന്ന ചിത്രങ്ങളില്‍ വിജയം നേടുന്ന ചിത്രങ്ങള്‍ പിന്നെയും കുറയും. അതിനാല്‍ത്തന്നെ അത്തരത്തിലുള്ള ചിത്രങ്ങള്‍ നേടുന്ന വലിയ വിജയങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ച സൃഷ്ടിക്കാറുണ്ട്.

എന്നാല്‍ അത്തരത്തിലൊരു ചിത്രം ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ആസ്വാദകപ്രീതി നേടിയാലോ? മലയാളത്തില്‍ നിന്നുള്ള ഏറ്റവും പുതിയ സൂപ്പര്‍ഹീറോ യൂണിവേഴ്സ് ആയ ലോകയുടെ ആദ്യ ഭാഗമായ ചന്ദ്രയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രം റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ദിനംപ്രതി ബോക്സ് ഓഫീസില്‍ വച്ചടി കയറുകയാണ് ലോക. ഇപ്പോഴിതാ ചിത്രം ഒരു സുപ്രധാന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

കേന്ദ്ര കഥാപാത്രമായി നായികമാര്‍ എത്തിയ തെന്നിന്ത്യന്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് ലോക: പാര്‍ട്ട് 1 ചന്ദ്ര നേടിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയായ തെലുങ്ക് ചിത്രം മഹാനടിയെ പിന്തള്ളിയാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ഒപ്പം പല കാലങ്ങളില്‍ വലിയ വിജയങ്ങള്‍ നേടിയ അനുഷ്ക ഷെട്ടി ചിത്രങ്ങളെയും ലോക പിന്തള്ളിയിട്ടുണ്ട്. 2018 ല്‍ പുറത്തെത്തിയ മഹാനടി 84.5 കോടിയാണ് നേടിയത്. ലോക ഇന്നലെ വരെ നേടിയത് 93 കോടിക്ക് മുകളിലാണ്. മഹാനടിയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ദുല്‍ഖര്‍ ആണെന്ന പ്രത്യേകതയുമുണ്ട്. ലോകയുടെ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ്.

അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൂന്ന് ചിത്രങ്ങളാണ് ലിസ്റ്റില്‍ പിന്നാലെയുള്ള മൂന്ന് സ്ഥാനങ്ങളില്‍. രുദ്രമാദേവി (2015), അരുന്ധതി (2009), ഭാഗ്മതി (2018) എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതില്‍ രുദ്രമാദേവി 82 കോടിയും അരുന്ധതി 68.5 കോടിയും ഭാഗ്മതി 64 കോടിയുമാണ് നേടിയത്.

അതേസമയം ലോക ഇന്നത്തെ കളക്ഷനോടെ 100 കോടി ക്ലബ്ബില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ അതിവേഗം ഈ നേട്ടം സ്വന്തമാക്കിയ മലയാളം ചിത്രങ്ങളുടെ പട്ടികയിലേക്കും ചിത്രം ഇടംപിടിക്കും. കല്യാണി പ്രിയദര്‍ശന് വന്‍ കരിയര്‍ ബ്രേക്ക് ആണ് ചിത്രം നല്‍കിയിരിക്കുന്നത്. ഒപ്പം സംവിധായകന്‍ ഡൊമിനിക് അരുണിനും സംഗീതമൊരുക്കിയ ജേക്സ് ബിജോയ്‍ക്കും ഛായാഗ്രാഹകനായ നിമിഷ് രവിയും അടക്കമുള്ളവര്‍ക്കും വലിയ കൈയടി ലഭിക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *