സാന്ദ്രാ തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ്റെ മാനനഷ്ട കേസ്

കൊച്ചി: നിര്‍മാതാവ് സാന്ദ്രാ തോമസിനെതിരെ മറ്റൊരു നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സാന്ദ്രാ തോമസ് നവമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ തന്നെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പരാതി. എറണാകുളം ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയത്. തമിഴ്‌നാട്ടിലെ വട്ടിപ്പലിശക്കാരില്‍ നിന്ന് പണം വാങ്ങി മലയാളത്തിലെ നിര്‍മാതാക്കള്‍ക്ക് നല്‍കി ലിസ്റ്റിന്‍ സിനിമയെ നശിപ്പിക്കുന്നുവെന്ന് മുന്‍പ് സാന്ദ്ര ആരോപിച്ചിരുന്നു.
അതേ സമയം, ലിസ്റ്റിന്‍ സ്റ്റീഫന്‍ തനിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് സംഘടിത തീരുമാനത്തിന്റെ ഭാഗമാണെന്നും താന്‍ പറഞ്ഞതില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും സാന്ദ്രാ വ്യക്തമാക്കി. ലിസ്റ്റിന്‍ മലയാള സിനിമയെ നശിപ്പിക്കുകയാണ്. മറ്റ് നിര്‍മ്മാതാക്കളെ അത് ബാധിക്കുന്നുണ്ട്. കേസ് നിയമപരമായി നേരിടുമെന്നും സാന്ദ്രാ തോമസ് അറിയിച്ചു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ താൻ അപമാനിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രാ തോമസ് നൽകിയ പരാതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പിന്നാലെ തനിക്ക് സിനിമ മേഖലയിൽ അപ്രഖ്യാപിത വിലക്ക് ഉണ്ടെന്നും സാന്ദ്രാ തോമസ് വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ പ്രമുഖർക്കെതിരെയാണ് തൻ്റെ പോരാട്ടമെന്നും സിനിമാ സെറ്റുകളില്‍ ലഹരി ഒഴുകുന്നത് പതിവാണെന്നും സാന്ദ്രാ വെളിപ്പെടുത്തിയിരുന്നു.