വയനാട്  പുനരധിവാസഭവന പദ്ധതിക്കായി മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമി നിയമക്കുരുക്കിൽ

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസഭവന പദ്ധതിക്കായി മുസ്‌ലിം ലീഗ് വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍. ലീഗ് വാങ്ങിയ 11 ഏക്കര്‍ ഭൂമിയിലെ ഒരു ഭാഗം തോട്ടഭൂമി ആണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്‍മേലുള്ള നടപടിക്രമങ്ങള്‍ പദ്ധതി ആരംഭിക്കുന്നതിന് തടസ്സമായി നില്‍ക്കുകയാണിപ്പോള്‍.


തൃക്കൈപ്പറ്റ വില്ലേജില്‍ ലീഗ് വാങ്ങിയ ഭൂമിയിലെ ഒരു ഭാഗം കാപ്പിത്തോട്ടം തരം മാറ്റിയെന്നാണ് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിന് ശേഷം കണ്ടെത്തിയത്. തുടര്‍ന്ന് കണിയാമ്പറ്റ സോണല്‍ ബോര്‍ഡ് ഓഫീസര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്‍മേല്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ഭൂമിയുടെ ഉടമസ്ഥനായിരുന്ന കല്ലങ്കോടന്‍ മൊയ്തുവിന് നോട്ടീസ് അയച്ചത്. രേഖകളുമായെത്തി വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. ഭൂപരിഷ്‌കരണ നിയമപ്രകാരം കല്ലങ്കോടന്‍ മൊയ്തുവിന് നിയമപ്രകാരം ഇളവ് നല്‍കിയ 11.12 ഏക്കറില്‍പ്പെട്ടതാണ് ഈ ഭൂമിയെന്നതിനാല്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

അതേ സമയം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് മുസ്‌ലിം ലീഗിന്റെ പ്രതികരണം. ലീഗ് വാങ്ങിയ ഭൂമിയില്‍ യാതൊരു നിയമക്കുരുക്കും ഇല്ലെന്ന് ഉറപ്പുവരുത്താന്‍ അഭിഭാഷകരുടെ ഒരു പാനല്‍ തന്നെ വച്ചിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഭൂമി ജന്മം പട്ടയം ഉള്ള ഭൂമിയാണ്. തോട്ടഭൂമി അല്ല. ഇപ്പോള്‍ നടക്കുന്നത് ഭരണകൂട ഇടപെടലാണ്. മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. ഗുണഭോക്താക്കളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ റവന്യൂമന്ത്രി ശ്രമിച്ചു. ലീഗിന്റെ പദ്ധതി വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കണം. പദ്ധതിയില്‍ നിന്ന് പാര്‍ട്ടിയെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും ആകില്ലെന്നും പിഎംഎ സലാം പറഞ്ഞു.

ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് ഭവനസമുച്ചയം ഒരുങ്ങുന്നത്. വിലയ് ക്കെടുത്ത 11 ഏക്കറിൽ 105 കുടുംബങ്ങൾക്കാണ് വീട്. ഒരു കുടുംബത്തിന് എട്ടുസെന്റിൽ 1000 ചതുരശ്രയടിയിൽ നിർമിക്കുന്ന വീട്ടിൽ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. 2000 ചതുരശ്രയടി വീട് നിര്‍മിക്കാനാവുംവിധം ബലത്തിലായിരിക്കും അടിത്തറ. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആർക്കിടെക്ട്‌ ടോണിയുടെ നേതൃത്വത്തിലുള്ള സപതി അർക്കിടെക്സാണ് ഭവനപദ്ധതിയുടെ പ്ലാൻ തയ്യാറാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *