നേതാക്കള്‍ക്ക് നല്‍കാന്‍ പണമില്ല, മുദാക്കലില്‍ യുഡിഎഫ് സ്ഥാനാര്‍ഥി തെറിച്ചു

തിരുവനന്തപുരം/ ആറ്റിങ്ങല്‍: തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പണമില്ലാത്തതിന്റെ പേരില്‍ മുന്‍ നിശ്ചയിച്ച സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് മാറ്റി പുതിയ സ്ഥാനാര്‍ഥിയെ നിയോഗിച്ചതായി ആക്ഷേപം. മുദാക്കല്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ വാളക്കാട്ടെ സ്ഥാനാര്‍ഥിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കാന്‍ പണമില്ലാത്തതിന്റെ പേരില്‍ സ്ഥാനാര്‍ഥിത്വം തെറിച്ചത്. മുദാക്കല്‍ പഞ്ചായത്തിലെ ഹരിതകര്‍മസേനാംഗം കൂടിയായ സമീന ബീവിയെയാണ് വാളക്കാട് വാര്‍ഡില്‍ കോണ്‍ഗ്രസ് ആദ്യം സ്ഥാര്‍ഥിയായി തീരുമാനിച്ചിരുന്നത്. അതിന്റെ ഭാഗമായി സമീനാബീവി വാര്‍ഡില്‍ മൂന്ന് റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കുകയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

അതിന് ശേഷമാണ് നേതാക്കള്‍ക്ക് ചോദിച്ച പണം നല്‍കാനില്ലാത്തതിന്റെ പേരില്‍ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തില്‍ സമീനാബീവിയെ കാരണം പോലും ഇല്ലാതെ ഒഴിവാക്കിയത്. സാധാരണ കുടുംബത്തിലെ അംഗമായ സമീനാബീവി ഹരിതകര്‍മസേനാംഗമായതിനാല്‍ പ്ലാസ്റ്റിക്കുകള്‍ പെറുക്കിയാണ് ഉപജീവനം നടത്തിവന്നത്. സമീനയ്ക്ക് വാര്‍ഡിലെ ജനങ്ങളുടെ ഇടയിലെ സ്വാധീനം കണ്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥിയാക്കിയത്. എന്നാല്‍ നേതാക്കള്‍ പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിന്റെ പേരിലാണ് തന്നെ ഒഴിവാക്കിയതെന്നാണ് സമീനയുടെ അഭിപ്രായം.

അവര്‍ ചോദിച്ച പണം തന്റെ കയ്യില്‍ ഇല്ലെന്നും താന്‍ വളരെ ബുദ്ധിമുട്ടിയാണ് ജീവിക്കുന്നതെന്നും സമീനാബീവി പറഞ്ഞു. നേതാക്കള്‍ വീട്ടിലെത്തി നിര്‍ബന്ധിച്ചത് കൊണ്ടാണ് സ്ഥാനാര്‍ഥിയായത്. അന്ന് പണത്തിന്റെ കാര്യം പറഞ്ഞിരുന്നില്ല. സ്ഥാനാര്‍ഥിത്വത്തിന് പണം കൊടുക്കണമെന്ന് അറിഞ്ഞിരുന്നെങ്കില്‍ താന്‍ സ്ഥാനാര്‍ഥിയാകുമായിരുന്നില്ലെന്നും സമീന പറയുന്നു. മൂന്ന് റൗണ്ട് പ്രചാരണത്തിന് ശേഷം തന്നെ മാറ്റി അപമാനിച്ചത് താന്‍ സാധാരണക്കാരിയായതിനാലാണെന്നും സമീന പറഞ്ഞു. സമനീനയെമാറ്റി കോണ്‍ഗ്രസ് വാളക്കാട്ട് പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *