‘ബ്രൂവറി ആരംഭിക്കാൻ സമ്മതിക്കില്ല, മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും;പ്രതിപക്ഷ നേതാവ്

0

തിരുവനന്തപുരം; ബ്രൂവറി ആരംഭിക്കാൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒയാസിസ് വന്നത് അഴിമതിയുടെ വഴിയിലൂടെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബ്രൂവറിക്ക് കോള കമ്പനിയെക്കാൾ വെള്ളം ആവശ്യമാണെന്നും മലമ്പുഴയിൽ ആവശ്യത്തിന് വെള്ളമില്ലെന്നും വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. എത്ര വെള്ളം ആവശ്യമാണെന്ന് ഒയാസിസ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ബ്രൂവെറി വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സമയവും തീയതിയും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ് താൻ ഇതുവരെ ആരെയും സംവാദത്തിന് വെല്ലുവിളിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. ബ്രൂവറി വിഷയത്തിൽ സിപിഐക്കെതിരെയും പ്രതിപക്ഷ നേതാവ് രം​ഗത്തെത്തി. എം എൻ സ്മാരകത്തിൽ സിപിഐയെ അപമാനിച്ചുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറിയെന്നും കുറ്റപ്പെടുത്തി.

കേരളത്തിലെ പുതിയ സംരംഭങ്ങളെ സംബന്ധിച്ച വ്യവസായ മന്ത്രിയുടെ നിലപാടിനെയും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എംഎസ്എംഇ കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്ന വാദം വി ഡി സതീശൻ ആവർത്തിച്ചു. പെട്ടിക്കടയും ബേക്കറിയും വരെ ഈ കണക്കിൽ ഉൾപ്പെടുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തിൽ റീട്ടെയിൽ, ഹോൾസെയിൽ വ്യാപാരം തകരുന്നുവെന്നും വി ഡി സതീശൻ ആരോപിച്ചു. ആശ വർക്കർമാരുടെ സമരത്തെ പരിഹസിച്ച് പിഎസ് സിയിൽ ശമ്പള പരിഷ്കരണം നടത്തിയ സർക്കാർ നിലപാടിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. പി എസ് സി ചെയർമാൻ അടക്കമുള്ളവർക്ക് ശമ്പളം കൂട്ടി. സർക്കാർ ജനങ്ങളെ പരിഹസിക്കുന്നു. വർദ്ധിപ്പിച്ച വേതനം പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തരൂർ വിഷയത്തിലും വി ഡി സതീശൻ പ്രതികരിച്ചു. കോൺഗ്രസിൽ ഒരു തമ്മിൽ തല്ലുമില്ലെന്നും തരൂരുമായി തർക്കിക്കാൻ ഇല്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ നിലപാട്. തരൂരുമായി കൊമ്പുകോർക്കാൻ ഇല്ല. തരൂർ പ്രവർത്തകസമിതി അംഗം. ഞങ്ങൾ തരൂരിന്റെ താഴെ നിൽക്കുന്നവരാണ്. തരൂരിന് എതിരല്ലെന്നും കണക്കിലെ തെറ്റാണ് ചൂണ്ടിക്കാണിച്ചതെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഏതു കാര്യത്തിലാണ് കോൺഗ്രസിൽ ഐക്യം ഇല്ലാതിരുന്നത് എന്നും സതീശൻ ചോദിച്ചു. ലീഗിന് കോൺഗ്രസിനെ കുറിച്ച് അതൃപ്തിയില്ലെന്നും ഒരു ലീഗ് നേതാവും പരാതികൾ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here