യാത്രക്കാർക്ക് ബസുകളിൽ കുടിവെള്ളം ലഭിക്കുന്ന പുത്തൻ പദ്ധതിയുമായി കെഎസ്‌ആർടിസി

തിരുവനന്തപുരം: യാത്രക്കാർക്ക് ബസുകളിൽ കുടിവെള്ളം ലഭിക്കുന്ന പുത്തൻ പദ്ധതിയുമായി കെഎസ്‌ആർടിസി. പുറത്ത് കടകളിൽ നിന്നും വാങ്ങുന്നതിനേക്കാൾ ഒരു രൂപ കുറഞ്ഞ നിരക്കിലായിരിക്കും യാത്രക്കാർക്ക് ബസിനുള്ളിൽ കുടിവെള്ളം ലഭിക്കുക. കെഎസ്‌ആർടിസിയുടെ തന്നെ ഫണ്ടിൽ നിന്നാണ് ഈ പദ്ധതിക്കുള്ള പണമെടുക്കുന്നത്. സംസ്ഥാന ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറാണ് പുതിയ പദ്ധതിയെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിച്ചത്.

ഒരു മാസത്തിനുള്ളിൽ തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് കെഎസ്‌ആർടിസി എംഡി പ്രമോജ് ശങ്കർ കേരളകൗമുദി ഓൺലൈനോട് പറഞ്ഞു. നിലവിൽ ഒരു കമ്പനിക്കും കരാർ നൽകിയിട്ടില്ല. കരാർ ഏറ്റെടുക്കുന്ന കമ്പനിയോട് തങ്ങൾ നിർദേശിക്കുന്ന പേരിൽ കുപ്പിവെള്ളം നിർമിച്ച് നൽകാനാകും കെഎസ്‌ആർടിസി നിർദേശിക്കുക. ഇതിനായുള്ള നടപടികൾ ഉടൻ ആരംഭിക്കും.

ആദ്യഘട്ടത്തിൽ ദീർഘദൂര ബസുകളിലാകും കുപ്പിവെള്ളം നൽകിത്തുടങ്ങുക. അധികം വൈകാതെ തന്നെ എല്ലാ റൂട്ടിലെയും ബസുകളിൽ കുപ്പിവെള്ളം ലഭിച്ചുതുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ‘KL 15’ ആണ് കെഎസ്‌ആർടിസി ബസുകളുടെ രജിസ്‌ട്രേഷൻ നമ്പർ. അതിനാൽ കുപ്പിവെള്ളത്തിനും ഇതേ പേര് തന്നെ നൽകാമെന്ന കാര്യം പരിഗണിക്കുകയാണെന്നും പ്രമോജ് ശങ്കർ പറഞ്ഞു. എന്നാൽ ഇതിൽ അന്തിമ തീരുമാനം ആയിട്ടില്ല.

വെള്ളക്കുപ്പികൾ വിൽപ്പന തുടങ്ങുന്നതോടെ എല്ലാ ബസുകൾക്കുള്ളിലും വേസ്റ്റ് ബിൻ സ്ഥാപിക്കും. നിലവിൽ ദീർഘദൂര ബസുകളിൽ മാത്രമാണ് വേസ്റ്റ്‌ബിൻ സ്ഥാപിച്ചിട്ടുള്ളത്. മാലിന്യം കെഎസ്‌ആർടിസി തന്നെ കൃത്യമായി നിർമാർജനം ചെയ്യുമെന്നും കെഎസ്‌ആർടിസി എംഡി പറഞ്ഞു. കൂടാതെ ഈ പദ്ധതിയിലൂടെ ഡ്രൈവർക്കും കണ്ടക്‌ടർക്കും ലാഭം ലഭിക്കും. ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്‌ടർക്ക് രണ്ട് രൂപയും ഡ്രൈവർക്ക് ഒരു രൂപയുമാണ് ലഭിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *