വയനാട് ഫണ്ട് വിവാദം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്തെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്

വയനാട് ഫണ്ട് വിവാദം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഗുണം ചെയ്തെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്. വയനാട്ടിലെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായാണ് അദ്ദേഹം പ്രതികരിച്ചത്. കോൺഗ്രസ് നിർമ്മിക്കുന്ന വീടുകളുടെ ഗൃഹപ്രവേശനത്തിന് മാധ്യമങ്ങളെ ക്ഷണിക്കാമെന്നും അദ്ദേഹം പറഞ്ഞു.
“നിങ്ങളുടെ ആരുടെയും ശമ്പളത്തിൽ നിന്ന് പണം തരേണ്ടതില്ല. കോൺഗ്രസിന്റെ ഫണ്ട് കളക്ഷനെ ഓർത്ത് ആരും കരയണ്ട. സർക്കാർ ഖജനാവിലെ പണവും ദേവസ്വം ബോർഡിന്റെ സ്വർണ്ണവും കട്ടവരെക്കുറിച്ച് ബേജാറായാൽ മതി,” സണ്ണി ജോസഫ് പറഞ്ഞു. ശബരിമല വിഷയവും തിരഞ്ഞെടുപ്പിൽ ചർച്ചയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ യു.ഡി.എഫ് 100 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. പിണറായി വിജയനായിരിക്കും അടുത്ത പ്രതിപക്ഷ നേതാവ്. തിരഞ്ഞെടുപ്പ് തോൽക്കുമെന്ന ഭീതിയിലാണ് സി.പി.എം. വ്യാപകമായ അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കെ. സുധാകരനെതിരെ കത്ത് നൽകിയെന്ന വാർത്തകളെ സണ്ണി ജോസഫ് പൂർണ്ണമായും തള്ളി. അങ്ങനെയൊരു കത്ത് എഴുതിയിട്ടില്ല, ഒപ്പിട്ടിട്ടില്ല. ഇത് മറ്റൊരു കാഫിർ സ്‌ക്രീൻഷോട്ട് വിവാദം പോലെയാണ്. ആരോപണം തെളിയിച്ചാൽ എം.എൽ.എ. സ്ഥാനം ഒഴിയാൻ തയ്യാറാണ്, സണ്ണി ജോസഫ് പറഞ്ഞു.



