തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് ഒരു സ്ത്രീയെ പുറത്തെടുത്തു; പ്രദേശത്ത് സംഘര്‍ഷം

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നുവീണ ശുചിമുറിയുടെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തി. ഒരു സ്ത്രീയെയാണ് കണ്ടെത്തിയത്. പേരുവിവരങ്ങള്‍ ലഭ്യമല്ല. അവരെ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് ഒരാളെ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായി. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ഒരാളെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ബിന്ദുവെന്ന സ്ത്രീയെ കാണാനില്ലെന്നാരോപിച്ച് ഭര്‍ത്താവാണ് പരാതി നല്‍കിയത്. തലയോലപ്പറമ്പ് സ്വദേശി മേപ്പോത്ത്കുന്ന് ബിന്ദുവിനെയാണ് കാണാതായത്. കുളിക്കാന്‍ പോയതിനാല്‍ ബിന്ദു ഫോണ്‍ കയ്യില്‍ കരുതിയില്ലെന്നും ഭര്‍ത്താവ് വിശ്രുതന്‍ പറയുന്നു. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നും ഇവര്‍ പറയുന്നു. കാഷ്യാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ ആശങ്കയിലാണ് ബന്ധുക്കള്‍.

13-ാം വാര്‍ഡിലെ രോഗിയുടെ ബന്ധുവാണ് ബിന്ദു. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ സ്ത്രീക്ക് അടക്കം രണ്ട് പേര്‍ക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ആര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി. മന്ത്രി വീണാ ജോര്‍ജ് സംഭവസ്ഥലത്തെത്തി. കെട്ടിടത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം ഉള്ളതിനാല്‍ പുതിയ കെട്ടിടം പണിയുകയും ബലക്ഷയം കണ്ട കെട്ടിടം അടച്ചിടുകയുമായിരുന്നുവെന്നാണ് സൂപ്രണ്ടിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *