പൊലീസ് കാവലിൽ കൊടി സുനിയുടെ മദ്യപാനം: പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് ഡിജിപി

കണ്ണൂർ ∙ ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി ഉൾപ്പെടെയുള്ളവർ കോടതിയിൽ ഹാജരാകാൻ പോകുന്നതിനിടെ പൊലീസ് ഒത്താശയിൽ മദ്യപിച്ചെന്ന ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ.
ആവശ്യമെങ്കിൽ പ്രതികൾക്കെതിരെ നടപടിയെടുക്കും. മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ നിലവിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായി കാണുന്നുണ്ട്. വീഴ്ചയുണ്ടെന്ന് അന്വേഷണത്തിന് ശേഷം കണ്ടെത്തിയാൽ തുടർ നടപടിയുണ്ടാകും. ചേർത്തല കേസിൽ പൊലീസ് ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും റാവാഡ ചന്ദ്രശേഖർ പറഞ്ഞു.
കൊടി സുനിയും സംഘവും കോടതി പരിസരത്ത് വച്ച് മദ്യപിച്ചെന്ന ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. കഴിച്ചത് മദ്യമാണോ എന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസ് കോടതിയിൽ എത്തിയാലും തള്ളിപ്പോകുമെന്നും സംഭവത്തിൽ പരാതിക്കാരും തെളിവും ഇല്ലെന്നുമായിരുന്നു പൊലീസ് വാദം. ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരാണ് തലശ്ശേരി കോടതിയിൽ ഹാജരാക്കവെ പൊലീസ് സാന്നിധ്യത്തിൽ മദ്യപിച്ചെന്ന ആരോപണമുയർന്നത്. ജൂൺ 17ന് തലശ്ശേരിയിൽ ഒരു ഹോട്ടലിന് പുറത്തുവച്ചാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.