കേരളത്തില്‍ ആരാകും പുതിയ ഡിജിപി എന്ന തലത്തിലേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഡിജിപിമാരാകാന്‍ യോഗ്യതയുള്ള ആറ് പേരുടെ ലിസ്റ്റ് കേന്ദ്രത്തിനയച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ഡിജിപി ഷേക് ദര്‍വേസ് സാഹിബ് ജൂണില്‍ സ്ഥാനമൊഴിയുന്നതിനാലാണ് പുതിയ ഡിജിപിമാരുടെ ലിസ്റ്റ് കേന്ദ്രത്തിലേക്ക് അയച്ചത്. നിലവില്‍ പട്ടികയിലെ സീനിയറായ നിതിന്‍ അഗര്‍വാളിനാണ് സ്വാഭാവികമായി പദവി ലഭിക്കേണ്ടതെങ്കിലും സംസ്ഥാന സര്‍ക്കാരിന് താല്‍പര്യം നിലവിലെ ലോ ആന്റ് ഓര്‍ഡര്‍ എഡിജിപി മനോജ് എബ്രഹാനോടാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന് എംആര്‍ അജിത് കുമാറിനോട് താല്‍പര്യവും ഉണ്ട്. അജിത് കുമാറിനെയാണ് കേന്ദ്രം നിര്‍ദ്ദേശിക്കുന്നതെങ്കില്‍ അത് സര്‍ക്കാര്‍ അംഗീകരിക്കും. മുഖ്യമന്ത്രിയുമായും സര്‍ക്കാരുമായും അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എംആര്‍ അജിത് കുമാര്‍. കേന്ദ്ര സര്‍ക്കാരുമായും ബിജെപി നേതാക്കളുമായും അജിത് കുമാറിന് നല്ല ബന്ധമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി വയനട് ദുരന്ത സമയത്ത് കേരളത്തില്‍ എത്തിയപ്പോള്‍ ദുരന്ത ബാധിത പ്രദേശത്ത് പ്രധാനമന്ത്രിയെ അനുഗമിച്ചത് എംആര്‍ അജിത് കുമാറായിരുന്നു.
30 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ഐപിഎസ് ഉദ്യോഗസ്ഥരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. റോഡ് സേഫ്റ്റി കമ്മീഷണര്‍ നിതിന്‍ അഗര്‍വാളിന്റെ പേരാണ് പട്ടികയില്‍ ആദ്യമുള്ളത്. ഇന്റലിജസ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, ബറ്റാലിയന്‍ എഡിജിപി എംആര്‍ അജിത് കുമാര്‍, എസ്പിജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.
എഡിജിപി മനോജ് എബ്രഹാം ജൂലൈ ഒന്നിന് ഡിജിപി തസ്തികയിലെത്തും. ഫയര്‍ഫോഴ്‌സ് ഡിജിപിയായ കെ പത്മകുമാര്‍ ഏപ്രില്‍ മാസം വിരമിക്കുമ്പോള്‍ ഡിജിപി തസ്തികയില്‍ എത്തേണ്ടത് സുരേഷ് രാജ് പുരോഹിതാണ്. എന്നാല്‍, പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജിയില്‍ രണ്ടാമനായ സുരേഷ് രാജ് പുരോഹിതിന് ഒരു വര്‍ഷം കൂടി സേവനം നീട്ടില്‍ നല്‍കിയതിനാല്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യതയില്ല. യോഗേഷ് ഗുപ്തയ്ക്ക് 2030 വരെ സര്‍വീസും മനോജ് എബ്രഹാമിന് 2031 വരെയും സര്‍വീസ് അവശേഷിക്കുന്നുണ്ട്. എംആര്‍ അജിത്കുമാര്‍ 2028ല്‍ വിരമിക്കും.