ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. 25 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. ഡോ. കെ വാസുകിയെ പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിച്ചു. വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ് ഷാനവാസ് ചുമതലയേൽക്കും. എൻഎസ്കെ ഉമേഷിനെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി നിയമിച്ചു.

ഷീബാ ജോർജിനെ ആരോഗ്യവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായും ബി അബ്ദുൽ നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു. നാല് ജില്ലകളിൽ കളക്ടർമാരെയും മാറ്റിയിട്ടുണ്ട്. ജി പ്രിയങ്ക(എറണാകുളം), എം എസ് മാധവിക്കുട്ടി(പാലക്കാട്), ചേതൻകുമാർ മീണ(കോട്ടയം) ഡോ. ദിനേശൻ ചെറുവത്ത്(ഇടുക്കി) എന്നിവരാണ് പുതിയ കളക്ടർമാർ.

ഡോ. എസ് ചിത്രയെ പൊതുവിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു. തദ്ദേശവകുപ്പ് ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി ചുമതലയും വഹിക്കും. ഹൗസിങ് ബോർഡിന്റെയും നിർമിതി കേന്ദ്രത്തിന്റെയും ഡയറക്ടർ ചുമതലയിൽ എ ഗീതയെ നിയമിച്ചു. ജെറോമിക് ജോർജിനെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായി നിയമിച്ചു. വി വിഘ്നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയായി നിയമിച്ചു.

ജോൺ വി സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറായി നിയമിച്ചു. ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറിനെ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *