കരൂ‌ർ ദുരന്തം അട്ടിമറി ശ്രമം? സംശയം ഉന്നയിച്ച് നേതാക്കൾ’ പൊലീസ് മതിയായ സുരക്ഷ നൽകിയില്ല

ചെന്നെെ: ടിവികെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്‌യു​ടെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 39 പേർ മരിച്ച സംഭവത്തിൽ അട്ടിമറിയുണ്ടെന്ന് സംശയം. പൊലീസ് സ്ഥലത്ത് മതിയായ സുരക്ഷ നൽകിയിട്ടില്ലെന്നാണ് ആരോപണം. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമി തന്നെ പൊലീസിനെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഭരണകക്ഷിയായ ഡിഎംകെയുടെ പരിപാടിക്ക് മാത്രമാണ് പൊലീസ് സുരക്ഷ നൽകുന്നതെന്നാണ് അദ്ദേഹം പറയുന്നത്. ദുരന്തത്തിന് പിന്നിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും തമിഴ്‌നാട് ബിജെപി ആരോപിക്കുന്നു.

ഇതിനിടെ കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹെെക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചിട്ടുണ്ട്. ഇന്ന് തന്നെ ജഡ്ജിയുടെ വസതിയിൽ എത്തി അപേക്ഷ നൽകിയേക്കും. ടിവികെ നേതാക്കളുടെ ഓൺലെെൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും.

ദുരന്തത്തിൽ ഗൂഢാലോചന ഉണ്ടെന്ന് ടിവികെ ആരോപിച്ചു.ഭരണകക്ഷിയായ ഡിഎംകെ സർക്കാരിന്റെ തികഞ്ഞ അലംഭാവമാണ് ദുരന്തത്തിന് കാരണമെന്നാണ് ബിജെപി നേതാവ് കെ അണ്ണാമലെെ പ്രതികരിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റാലിയിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനും,​ അതിനനുസരിച്ച് അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കാനും,​ മതിയായ ഉദ്യോഗസ്ഥരെ വിന്യസിക്കാനുമുള്ള ഉത്തരവാദിത്തം പൊലീസിനാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും അശ്രദ്ധമായി പ്രവർത്തിച്ച തമിഴ്‌നാട് സർക്കാരിന്റെയും പൊലീസിന്റെയും നടപടി അത്യന്തം അപലപനീയമാണെന്നും കെ അണ്ണാമലെെ കൂട്ടിച്ചേർത്തു. അതേസമയം,​ കരൂരിലേക്ക് പോകാൻ പൊലീസ് അനുമതി തേടി വിജയ് . അനുമതി ലഭിച്ചാൽ അദ്ദേഹം കരൂരിലെത്തും. വിജയ്‌യുടെ അറസ്റ്റ് ഉടനുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്. ജുഡീഷ്യൽ അന്വേഷണത്തിന് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *