കര്‍ക്കടക വാവ് ബലി നാളെ: ഇന്ന് രാത്രി മുതൽ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തര്‍പ്പണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. നാളെ പുലർച്ചെ നാല് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ ഇന്ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്. 

തിരുവല്ലം ജംഗ്ഷന്‍ മുതല്‍ തിരുവല്ലം എല്‍പി സ്‌കൂള്‍ ജംഗ്ഷന്‍ വരെയുള്ള റോഡില്‍ ഇരുവശത്തേക്കും വാഹന ഗതാഗതത്തിനും വാഹന പാര്‍ക്കിങ്ങിനും നിയന്ത്രണം ഉണ്ട്. തിരുവല്ലം ഹൈവേയിലെ യു ടേണ്‍ മുതല്‍ കുമരിചന്ത ഭാഗത്തേയ്ക്കുള്ള ബൈപ്പാസ് റോഡില്‍ തിരുവല്ലം ഫുട് ഓവര്‍ ബ്രിഡ്ജ് വരെ വാഹന പാര്‍ക്കിങ് അനുവദിക്കുന്നതല്ല.

വിഴിഞ്ഞം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ഇന്ന് രാത്രി മുതല്‍ വിഴിഞ്ഞം മുക്കോലയില്‍ നിന്ന് ബാലരാമപുരം ഭാഗത്തേയ്ക്ക് തിരിഞ്ഞ് പോകേണ്ടതാണ്. ഈ വാഹനങ്ങള്‍ യാതൊരു കാരണവശാലും തിരുവല്ലം ഭാഗത്തേയ്ക്ക് പോകുവാന്‍ പാടില്ല. ചാക്ക ഭാഗത്തു നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് പോകുന്ന ഗുഡ്‌സ്/ഹെവി വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ നിന്ന് തിരിഞ്ഞ് അട്ടക്കുളങ്ങര-കിള്ളിപ്പാലം-പാപ്പനംകോട് ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

കരുമം ഭാഗത്തു നിന്നും തിരുവല്ലം ക്ഷേത്രം ജംഗ്ഷന്‍ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ തിരുവല്ലം എല്‍പിഎസ് ജംഗ്ഷനിലെത്തി അവിടെ നിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. ബിഎന്‍വി സ്‌കൂള്‍ മുതല്‍ പാച്ചല്ലൂര്‍ വരെയുള്ള റോഡില്‍ പാച്ചല്ലൂര്‍ ഭാഗത്തേയ്ക്ക് മാത്രം വാഹന ഗതാഗതം അനുദിച്ചിട്ടുണ്ട്.വണ്ടിത്തടം ഭാഗത്ത് നിന്നും തിരുവല്ലം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ പാച്ചല്ലൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വാഴമുട്ടം-ബൈപ്പാസ് റോഡ് വഴി തിരുവല്ലം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *