കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയിലിന് പുറത്തേയ്ക്ക്

രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ പുറത്തിറങ്ങുമെന്നാണ് വിവരം

തിരുവനന്തപുരം: കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയിലിന് പുറത്തേയ്ക്ക്. ഷെറിന്റെ ശിക്ഷാ ഇളവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഷെറിന്‍ അടക്കം പതിനൊന്ന് പ്രതികളുടെ ശിക്ഷാ ഇളവാണ് ഗവര്‍ണര്‍ അംഗീകരിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ച് പതിനാല് വര്‍ഷം തടവ് പൂര്‍ത്തിയാക്കിയവരെയാണ് മോചിപ്പിക്കുന്നത്. മദ്യപിച്ച് വഴക്കുണ്ടാക്കി അയല്‍ക്കാരെയും ബന്ധുക്കളെയും അപായപ്പെടുത്തിയ കേസില്‍പ്പെട്ടവരാണ് ശിക്ഷായിളവ് ലഭിച്ച മറ്റ് പത്തുപേര്‍. മലപ്പുറം തിരുവനന്തപുരം സ്വദേശികളാണിവര്‍. രണ്ട് ദിവസത്തിനുള്ളില്‍ ഇവര്‍ പുറത്തിറങ്ങുമെന്നാണ് വിവരം.

നേരത്തേ ഷെറിന് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇവര്‍ക്ക് അടിക്കടി പരോള്‍ ലഭിച്ചത് വിവാദത്തിന് വഴിവെച്ചു. ഇതിനിടെ തന്നെ ഷെറിന്‍ ജയിലില്‍ സഹതടവുകാരിയെ മര്‍ദിച്ചുവെന്നുള്ള വിവരവും പുറത്തുവന്നു. ഇതോടെ രാജ്ഭവന്‍ വിഷയത്തില്‍ ഇടപെടുകയും ഷെറിന്റെ മോചനം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ താത്ക്കാലികമായി മരവിപ്പിക്കുകയും ചെയ്തു. പിന്നാലെ ഷെറിന്‍ അടക്കമുള്ള പ്രതികളുടെ മോചനം സംബന്ധിച്ച ശുപാര്‍ശ ഗവര്‍ണര്‍ വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ഓരോ തടവുകാരുടേയും കുറ്റകൃത്യം, ശിക്ഷ, പരോള്‍ ലഭ്യമായത്, ജയിലിലെ പെരുമാറ്റം, ജയിലില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ഫോറം രാജ്ഭവന്‍ ഏര്‍പ്പെടുത്തി. ശുപാര്‍ശയോടൊപ്പം ഈ ഫോറം പൂരിപ്പിച്ച് സര്‍ക്കാര്‍ വീണ്ടും ഫയല്‍ സമര്‍പ്പിക്കുകയായിരുന്നു.

പതിനാല് വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ അഞ്ഞൂറ് ദിവസത്തോളമാണ് ഷെറിന് പരോള്‍ ലഭിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് 30 ദിവസവും കൂടി പരോള്‍ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തത്. 2009 നവംബര്‍ ഏഴിനാണ് ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്സ് വില്ലയില്‍ ഭാസ്‌കര കാരണവരെ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ മറ്റ് ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.

2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ഷെറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്ക് മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെവെച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്ക് ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചത് വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉയര്‍ന്നു. പിന്നീട് 2017 മാര്‍ച്ചില്‍ ഇവരെ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *