കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: നാല് വയസുകാരി കല്യാണിയുടെ കൊലപാതകത്തിൽ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്നലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കല്ല്യാണിയെ അമ്മ സന്ധ്യ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ആലുവയിൽ നിന്ന് കുട്ടിയെ കാണാതായി എന്നായിരുന്നു അമ്മ ആദ്യം പൊലീസിന് നൽകിയ മൊഴി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിൽ കുട്ടിയുമായി സന്ധ്യ ആലുവയിൽ ബസ് ഇറങ്ങിയെന്ന് വ്യക്തമായി.

തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ കുട്ടിയെ മൂഴിക്കുളം പാലത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് എറിഞ്ഞതായി യുവതി പൊലീസിനോട് വ്യക്തമാക്കി. മൂഴിക്കുളം പാലത്തിന് താഴെ പൊലീസും സ്‌കൂബ ടീമും അടക്കം നടത്തിയ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സന്ധ്യക്കെതിരെ ഭർത്താവും മൂത്ത മകനും രംഗത്തുവന്നിരുന്നു. സന്ധ്യയുടെ സ്വഭാവത്തിൽ ദുരൂഹതയുള്ളതായി തോന്നിയിട്ടുണ്ട്. സന്ധ്യക്കൊപ്പം പോകരുതെന്ന് കുട്ടികളോട് പറഞ്ഞിരുന്നതാണ്. സന്ധ്യയെ ഉപദ്രവിച്ചിട്ടില്ലെന്നും സുഭാഷ്  പറഞ്ഞിരുന്നു.

തന്നെയും അനുജത്തിയേയും അമ്മ മർദ്ദിക്കാറുണ്ടായിരുന്നുവെന്നും അമ്മയെ തങ്ങൾക്ക് പേടിയായിരുന്നുവെന്നുമാണ് മകൻ പറഞ്ഞത്. അമ്മ തന്നെയും അനുജത്തിയേയും ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിരുന്നു. ഇതിന് ശേഷം തന്റെ തലയിലും കല്ല്യാണിയുടെ ചെവിക്ക് പിൻഭാഗത്തായും പരിക്കേറ്റു. താൻ കല്ല്യാണിയെ വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്കുകൊണ്ടുവന്നു. തങ്ങളെ രണ്ട് പേരെയും അമ്മ ഒരുമിച്ചാണ് ഉപദ്രവിച്ചിരുന്നത്. എന്തിനായിരുന്നു ഉപദ്രവം എന്നുപോലും അറിയില്ല. തനിക്ക് അമ്മയെ പേടിയായിരുന്നുവെന്നും അമ്മയുടെ വീട്ടിൽ പോകാൻ പോലും ഇഷ്ടപ്പെട്ടിരുന്നില്ലെന്നുമാണ് മകൻ പറഞ്ഞത്.

AlsoRed: കൂരിയാട് ദേശീയപാത ഇടിഞ്ഞുവീണ സംഭവം: മൂന്നംഗ വിദഗ്ധസമിതിയെ നിയോഗിച്ച് ദേശീയപാത അതോറിറ്റി

Related Articles

Leave a Reply

Your email address will not be published. Required fields are marked *