നിലപാട് നാളെ പറയും ; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺ​ഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്തു വന്നതിനു പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് കെ സുധാകരൻ എംപി. നാളെ ഡൽഹിയിൽ വച്ച് അദ്ദേഹം മാധ്യമങ്ങളെ കാണും. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്കില്ലെന്നു ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് അദ്ദേഹം നിർണായക വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് മുൻപ് മാധ്യമങ്ങളെ കണ്ട് ഇക്കാര്യത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. സുധാകരനോട് അടുത്തു നിൽക്കുന്ന പ്രധാനപ്പെട്ട നേതാക്കളുമായും അനുയായികളുമായും കൂടിയാലോചിച്ചാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്.

കണ്ണൂർ സീറ്റ് വേണമെന്ന നിലപാടിലാണ് കെ സുധാകരൻ. എന്നാൽ എംപിമാർ മത്സരിക്കേണ്ടതില്ല എന്നാണ് കോൺ​ഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. സുധാകരന് ഇളവ് നൽകിയാൽ മറ്റ് എംപിമാരും ഈ ആവശ്യം ഉന്നയിച്ച് രം​ഗത്തു വരുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. സുധാകരനുമായി ഇന്ന് അനുനയ ചർച്ച നടത്താനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരുന്നത്. അതിനിടെ ഇന്ന് 55 സ്ഥാനാർഥികളുടെ ആദ്യ പട്ടിക കോൺ​ഗ്രസ് പുറത്തിറക്കുകയും ചെയ്തു.

സ്ഥാനാർഥി നിർണയ ചർച്ചകളുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ സുധാകരൻ നേരത്തെ നിഷേധിച്ചിരുന്നു. ”ഒരു ചർച്ചയും ഇല്ലപ്പാ. ആരാ നിങ്ങളോട് ഇത് പറഞ്ഞത്?. ഒരു ചർച്ചയ്ക്കും ആരും വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല. അതുകൊണ്ട് ആരും വിളിച്ചിട്ടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെ സുധാകരൻ, അടൂർ പ്രകാശ്, എംകെ രാഘവൻ, ഷാഫി പറമ്പിൽ അടക്കമുള്ള എംപിമാർ മത്സരിക്കാൻ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആരേയും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇന്ന് പ്രഖ്യാപിച്ച പട്ടികയിൽ തര്‍ക്കം നിലനില്‍ക്കുന്ന കണ്ണൂര്‍, പെരുമ്പാവൂര്‍ സീറ്റുകളിലും തൃപ്പൂണിത്തുറയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *