‘ജ്യോതി നിരന്തരം മന്ത്രി റിയാസുമായി ഫോണിൽ സംസാരിച്ചിരുന്നു, കേന്ദ്രം അന്വേഷിക്കണം’;പി വി അൻവർ

തിരുവനന്തപുരം: ചാരവൃത്തിക്ക് പിടിയിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സര്‍ക്കാരിന്റെ അതിഥിയായെന്ന ആരോപണമുയര്‍ന്നതിന് പിന്നാലെ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വിമര്‍ശിച്ച് പി വി അന്‍വര്‍. വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര മന്ത്രി മുഹമ്മദ് റിയാസുമായി നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് പി വി അന്‍വര്‍ ആരോപിച്ചു. വ്‌ളോഗര്‍ ജ്യോതിക്ക് മന്ത്രിയുടെ ഓഫീസില്‍ നിന്ന് സഹായം ലഭിച്ചോ എന്ന് അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.

ജ്യോതി മല്‍ഹോത്ര വിഷയം ടൂറിസം വകുപ്പ് മനപൂര്‍വ്വം മറച്ചുവെച്ചെന്നും, അറസ്റ്റിലായപ്പോള്‍ പോലും ഇക്കാര്യം പുറത്തുവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ ഇക്കാര്യം അന്വേഷിക്കണമെന്നും പി വി അന്‍വര്‍ പറഞ്ഞു. പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയ കുറ്റത്തിന് അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചുവരുത്തിയത് സംസ്ഥാന സര്‍ക്കാരാണെന്നും ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മല്‍ഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനം നല്‍കിയെന്നും താമസം, ഭക്ഷണം, യാത്രാസൗകര്യം എന്നിവ ഒരുക്കിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് ജ്യോതി കേരളത്തിലെത്തിയത്. കൊച്ചിന്‍ ഷിപ് യാര്‍ഡ്, മട്ടാഞ്ചേരിയിലെ ആരാധനാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മെട്രോ സ്റ്റേഷനുകള്‍ എന്നിവ സന്ദര്‍ശിച്ച് ഇവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ജ്യോതി മല്‍ഹോത്ര നിരവധി തവണ പാകിസ്താന്‍ സന്ദര്‍ശിച്ചതായി തെളിഞ്ഞിരുന്നു. പാകിസ്താനിലെ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധം പുലര്‍ത്തിയതായും വിവരം ലഭിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *